വയനാട്: പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ കൃഷിനാശത്തിനു നഷ്ടപരിഹാരമായി കൃഷിവകുപ്പ് 15,41,31,471 രൂപ കർഷകർക്കു നൽകി. വിളനാശത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് 19,873 അപേക്ഷകളാണ് ജില്ലയിലെ കൃഷി ഓഫീസുകളിൽ ലഭിച്ചത്. ഇതിൽ 18,364 എണ്ണം തീർപ്പാക്കി 13,802 കർഷകർക്കാണ് 15.42 കോടിയോളം രൂപ ധനസഹായമായി നൽകിയത്. സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നു 22,78,103 രൂപയും അനുവദിച്ചിരുന്നു. ഇതേ നിധിയിൽനിന്നു 30 ലക്ഷം രൂപ വിതരണത്തിനു സജ്ജമായിട്ടുണ്ട്.
വിള ഇൻഷ്വറൻസ് പദ്ധതിയിൽ വിളനാശത്തിനു 505 അപേക്ഷകളിൽ രണ്ടര കോടി രൂപ ജില്ലയിൽ ഇതിനകം വിതരണം ചെയ്തു. വിള ഇൻഷുറൻസ് പദ്ധതിയിൽ നഷ്ടപരിഹാരത്തിനു 531 അപേക്ഷകളാണ് ലഭിച്ചത്. തീർപ്പാക്കിയ 505 അപേക്ഷകളിൽ 36,32,034 രൂപ വിതരണം ചെയ്യാനുണ്ട്. 26 അപേക്ഷകൾ തീർപ്പാക്കാൻ ബാക്കിയാണ്. കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങൾ നീക്കുന്നതിനു 265 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 152 എണ്ണത്തിൽ പരിശോധന നടത്തി. മണ്ണിടിഞ്ഞ് കൃഷിയിടം നശിച്ചതിനു പരിഹാരം തേടി 315 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 182 എണ്ണം പരിശോധിച്ച് വിതരണത്തിനു 6.31 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. അതേസമയം, കൃഷിയിടങ്ങളിലെ മണ്ണുനീക്കത്തിനു 10 ലക്ഷം രൂപ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ ലഭ്യമായിട്ടുണ്ട്.
പ്രകൃതിദുരന്തത്തിൽ നശിച്ച കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കു സഹായം തേടി 160 അപേക്ഷകൾ ലഭിച്ചതിൽ 56 എണ്ണം തീർപ്പാക്കിയെങ്കിലും കർഷകർക്കു സഹായം നൽകിയിട്ടില്ല. ഇത്രയും പേർക്കായി 10 ലക്ഷം രൂപയാണ് പ്രിൻസിപ്പൽ കൃഷി ഓഫീസ് ആവശ്യപ്പെട്ടത്.
പ്രകൃതിക്ഷോഭത്തിൽ 1008.64 കോടി രൂപയുടെ നഷ്ടം ജില്ലയിൽ കാർഷിക മേഖലയിൽ സംഭവിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. വിളകൾ പൂർണമായും ഭാഗികമായും നശിച്ച് 1002.07 കോടി രൂപയുടെ നഷ്ടമുണ്ടായി. കൃഷിയിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കൃഷി വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ തകർച്ച, സംരംഭങ്ങളുടെ നാശം എന്നിവയും കണക്കിലെടുക്കുമ്പോഴാണ് നഷ്ടം 1008 കോടി രൂപ കവിയുന്നത്. ജില്ലയിൽ 100060.7 ഹെക്ടറിലാണ് വിളനാശം ഉണ്ടായത്. 82,100 കർഷകർ കെടുതികൾക്കിരയായി. വാഴകൃഷി നശിച്ചാണ് കൂടുതൽ നഷ്ടം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2,420 ഹെക്ടറിൽ കുലച്ച 60,50,000 വാഴകൾ നശിച്ച് 16 കോടിയും 605 ഹെക്ടറിൽ കുലയ്ക്കാത്ത 15,12,500 വാഴകൾ നശിച്ച് 21 കോടി രൂപയുടെയും നഷ്ടമാണുണ്ടായത്. നെല്ല്, കാപ്പി, കരുമുളക്, കമുക്, പച്ചക്കറി, റബർ തുടങ്ങിയ കൃഷികൾ നശിച്ചും കോടിക്കണക്കിനു രൂപയാണ് നഷ്ടം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മറ്റുമുണ്ടായ സ്ഥലങ്ങൾ വീണ്ടും കൃഷിയോഗ്യമാക്കുന്നതിനു 5.53 കോടി രൂപയുടെ ചെലവാണ് കൃഷിവകുപ്പ് കണക്കാക്കിയിരുന്നത്. പോളിഹൗസുകൾ, റെയിൻ ഷെൽട്ടറുകൾ, പമ്പുസെറ്റുകൾ, പമ്പുഹൗസുകൾ, കാർഷി യന്ത്രങ്ങൾ എന്നിവ നശിച്ച് 74 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്.
