വയനാട്: വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിൽ ലഹരിമോചന ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രി മുമ്പ് പ്രവർത്തിച്ചിരുന്ന പഴയകെട്ടിടത്തിന്റെ രണ്ടു ബ്ലോക്കുകൾ നവീകരിച്ച് സജ്ജികരണങ്ങൾ ഒരുക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഒന്നരമാസം കൊണ്ട് ലഹരിമോചന ചികിത്സാ കേന്ദ്രം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യം. ഇതിനായി നിർമ്മിതി കേന്ദ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14.50 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടത്തുക. ആദ്യഘട്ടത്തിൽ പത്ത് ബെഡ് അടങ്ങുന്ന കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ കേന്ദ്രത്തിലൊരുക്കും. നിലവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ലഹരിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഒ.പി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.