വയനാട്: ഭാവിവോട്ടർമാർക്ക് അവബോധം നൽകാൻ ജില്ലയിലെ 55 സ്‌കൂളുകളിൽ തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകൾ ഒരുങ്ങി. ആദ്യഘട്ടത്തിൽ ഒൻപതു മുതൽ പ്ലസ്ടു ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്കാണ് തിരഞ്ഞെടുപ്പ് പ്രക്രീയയെ കുറിച്ചും വോട്ടവകാശത്തിന്റെ പ്രധാന്യത്തെ കുറിച്ചും സാക്ഷരത ക്ലബുകളിലൂടെ അവബോധം നൽകുക. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുക, വോട്ടിംഗ് മെഷീന്റെ പ്രവർത്തനവും കൃത്യതയും തിരഞ്ഞെടുപ്പ് നടത്തുന്നതിലെ വിശ്വാസീയതയും പൊതുജനങ്ങളിലെത്തിക്കുക, വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് സഹായിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി എക്‌സിക്യൂട്ടിവ് കമ്മിറ്റി രൂപീകരിച്ച് അദ്ധ്യാപകർക്ക് മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്. ഒൻപതു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ഓരോ വിദ്യാർത്ഥികൾ വീതം എക്‌സിക്യൂട്ടിവ് അംഗങ്ങളായിരിക്കും. തിരഞ്ഞെടുപ്പ് സാക്ഷരത എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ് നോഡൽ ഓഫീസർമാർക്കുള്ള ജില്ലാതല പരിശീലനം ആസൂത്രണ ഭവൻ എ.പി.ജെ. ഹാളിൽ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യം വളർത്തിയെടുക്കാൻ അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകളിലൂടെ കഴിയട്ടെയെന്നും ആശംസിച്ചു. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) കെ. ജയപ്രകാശൻ, ഹുസൂർ ശിരസ്തദാർ ബി.അഫ്‌സൽ, തഹസിൽദാർമാരായ ശങ്കരൻ നമ്പൂതിരി, എൻ.ഐ. ഷാജു, ഡെപ്യൂട്ടി തഹസിൽദാർ ഇ. ദിനേശൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ മാസ്റ്റർ ട്രെയിനർ രാജേഷ് കുമാർ എസ്. തെയ്യത്ത് നോഡൽ ഓഫീസർമാർക്ക് പരിശീലനം നൽകി.