വയനാട്: മാറുന്ന ലോകത്തിനു മുന്നേ മാറ്റം ഉൾക്കൊട്ട് സഞ്ചരിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ. സ്വയംതൊഴിലിനു സാധ്യതകൾ കണ്ടെത്തി സ്ത്രീശാക്തികരണത്തിനു ശാസ്ത്രീയവഴികൾ തുറന്നിടുകയാണ് കുടുംബശ്രീ മിഷൻ. കുടുംബശ്രീ അംഗങ്ങളെ കാറ്ററിംഗ് മേഖലയിലെ സ്വയംസംരഭകരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാറ്ററിംഗ് പരിശീലനം ഒരു ഉദാഹരണം മാത്രം. ജില്ലയിൽ 30 കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. വളരെ വിജയകരമായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. പുതുരുചികളുമായി വിരുന്നൊരുക്കാൻ അംഗങ്ങൾക്ക് കേരള ഭക്ഷണ രീതീയിലും, ചൈനീസ് വിഭവങ്ങളിലും 20 ദിവസത്തെ സൗജന്യ പരിശീലനമാണ് നൽകിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ അംഗങ്ങളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. തിരുനെല്ലി, തവിഞ്ഞാൽ, വെള്ളമുണ്ട, എടവക സിഡിഎസുകളിൽ നിന്നുള്ള 33 അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. ഇതിൽ എട്ടുപേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. തൃശൂർ ആസ്ഥാനമായുള്ള ഐഫ്രം ഏജൻസിയാണ് പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയവരെ ഗ്രൂപ്പുകളാക്കി തിരിച്ച് യൂണിറ്റുകൾ തുടങ്ങുന്നതിന് വായ്പയും സബ്‌സിഡിയും കുടുംബശ്രീ മിഷൻ തന്നെ നൽകും. പരിശീലനത്തിന് മിഷൻ ജില്ലാ കോർഡിനേറ്റർ പി. സാജിത, കെ.പി. ജയദേവൻ, എസ്. ഷീന, സജിത്, രേഷ്മ, സജീവ് എന്നിവർ നേതൃത്വം നൽകി.