കാർത്തികപ്പള്ളി: അധ്യയനത്തോടൊപ്പം വിദ്യാർഥികളെ കൃഷിയും പഠിപ്പിക്കുകയാണ് കാർത്തികപ്പള്ളി ഗവ. അപ്പർ പ്രൈമറി സ്‌കൂൾ അധികൃതർ.സ്‌കൂളിലിറക്കിയ വിളകൾക്കെല്ലാം നൂറുമേനിയുടെ വിളവുമുണ്ട്.
കൃഷിയാണ് ജീവിതത്തിനാധാരമെന്ന പാഠമാണ് വിദ്യാർഥികളെ സ്‌കൂൾ അധികൃതർ പഠിപ്പി്ക്കുന്നത്. ഇക്കുറി ചീര കൃഷിയിലാണ് നൂറു മേനി കൈവരിച്ചിരിക്കുന്നത്.
പ്രകൃതിയെ ദ്രോഹിക്കാതെ പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി പാഠം. വിവിധ വിളകളുടെ കൃഷിയും കൃഷി രീതിയുമെല്ലാം
കുട്ടികൾക്കും അധ്യാപകർക്കും മാനസികവും ശാരീരികവുമായ ആരോഗ്യവും പ്രദാനം ചെയ്യുന്നു. വിവിധയിനം വാഴകൾ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ തുടങ്ങിയവയാണ് സ്‌കൂളിലെ മറ്റു പ്രധാന വിളകൾ.
കരനെൽ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്ത ശേഷം അതേ സ്ഥലത്ത് തന്നെയാണ് ഇക്കൊല്ലം
ചീര കൃഷി ചെയ്തിരിക്കുന്നത്. സ്‌കൂളിൽ നിന്നും ലഭിക്കുന്ന കാർഷിക പാഠങ്ങൾ വിദ്യാർഥികൾ വീട്ടിലും പരീക്ഷിക്കുന്നു.മട്ടുപ്പാവു കൃഷിയൊക്കെ വീടുകളിലും തുടങ്ങിയിരിക്കുകയാണ് വിദ്യാർഥികൾ.
രാവിലെ അസംബ്ലി്ക്ക് മുൻപും തുടർന്നുള്ള ഇടവേളകളിലും അധ്യയനത്തിന് തടസ്സമില്ലാത്ത രീതിയിലാണ് വിദ്യാർഥികൾ കൃഷിയുടെ പരിചരണം നടത്തുന്നത്. വിളവെടുക്കുന്ന സാധനങ്ങൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കും മിച്ചം വരുന്നവ വിറ്റ് കിട്ടുന്ന തുക പൂർണ്ണമായും സ്‌കൂൾ ഉച്ചഭക്ഷണ ഫണ്ടിലേക്കുമാണ് ചെലവഴിക്കുന്നത്. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മാതൃകാ കർഷകനുമായ സാജനാണ് കുട്ടികർഷകരുടെ ഗുരു്. സ്‌കൂൾ പ്രഥമാധ്യാപകൻ ജെ.ശിവദാസ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ ബി. കൃഷ്ണകുമാർ, അധ്യാപകർ, എസ്.എം.സി അംഗങ്ങളുൾപ്പെടെയുള്ള രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി മുന്നേറുന്നത്. 2009 ൽ 60 കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് പോയ സ്‌കുളിൽ ഇന്ന് 800 കുട്ടികൾ പഠിക്കുന്നു. ഈ വർഷത്തെ സംസ്ഥാനത്തെ മികച്ച പി.റ്റി.എയ്ക്കുള്ള രണ്ടാം സ്ഥാനവും കാർത്തികപള്ളി ഗവ.യു.പി സ്‌കൂൾ കരസ്ഥമാക്കിയിരുന്നു.
