ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനായി നടത്തുന്ന കാര്‍ഷിക മഹോത്സവം ഒക്ടോബര്‍ 23 മുതല്‍ 25 വരെ നടക്കും. കാര്‍ഷിക മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.
കാര്‍ഷിക മഹോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 24ന് രാവിലെ 10 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. വിവിധ ദിവസങ്ങളിലായി മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി,എം ബി രാജേഷ്, സജി ചെറിയാന്‍,ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഒറ്റപ്പാലം നഗരത്തില്‍ കാര്‍ഷിക മഹോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, അനുബന്ധ ഉപജീവന മേഖലകള്‍ എന്നിവയെ മുന്‍ നിര്‍ത്തി സെമിനാറുകള്‍,കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളകള്‍,കര്‍ഷകരെയും യുവകര്‍ഷകരെയും ആദരിക്കല്‍, അസാപ്പുമായി സഹകരിച്ച് തൊഴില്‍മേള, രുചി ഭേദങ്ങളുടെ വൈധ്യമൊരുക്കി ഭക്ഷ്യമേള, എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക സദസ്സ് എന്നിവ ഉണ്ടായിരിക്കും.
അഡ്വ.കെ പ്രേംകുമാര്‍ എംഎല്‍എ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. പ്രേംകുമാര്‍ എംഎല്‍എ ചെയര്‍മാനും അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) എസ് ബിന്‍സി കണ്‍വീനറുമായ 501 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നല്‍കി. ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്സണ്‍ കെ ജാനകി ദേവി അധ്യക്ഷയായി. ഒറ്റപ്പാലം ബ്ലോക്ക് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ, പി വിജയലക്ഷ്മി, സി രാജിക, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
