പ്രാഥമികതലത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ: മന്ത്രി ഒ.ആർ. കേളു
കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പ്രാഥമികതലത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും പട്ടികജാതി പട്ടികവർഗ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സമസ്ത മേഖലകളിലും കഴിവുള്ള വിദ്യാർത്ഥികളുടെ കഴിവിനനുസരിച്ച് പ്രവർത്തിക്കും. കലാ-കായിക മേഖലകളിൽ വിദ്യാർത്ഥികളുടെ പങ്ക് പ്രാധാന്യമർഹിക്കുന്നതാണെന്നും കായിക മേഖലയിൽ കണിയാമ്പറ്റ എംആർഎസ് മറ്റ് ജില്ലക്കാർക്ക് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.കളിച്ചു, പഠിച്ചു, വളർന്ന് മുന്നോട്ടുപോകാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച എംആർഎസ് കണിയാമ്പറ്റയിലെതാണെന്നും അധ്യക്ഷത വഹിച്ച ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.1.12 കോടി രൂപ ചിലവിൽ 4700 ചതുരശ്രഅടി വിസ്തൃതിയിലാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. ഉന്നത ഗുണനിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, പ്രിൻസിപ്പാൾ റൂം, സ്റ്റാഫ് റൂം, സ്പോട്സ് റൂം, വിദ്യാർഥികൾക്കും ജീവനക്കാർക്കും ഉള്ള ആറ് ശുചിമുറികൾ, വാഷ് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്.
2.08 കോടിയുടെ ഹോസ്റ്റൽ കെട്ടിട നിർമാണത്തിന് ശിലയിട്ടു
കണിയാമ്പറ്റ മോഡൽ റസിഡൻഷൽ സ്കൂളിൽ പുതിയ ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുന്നതിനായി 2.08 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 8000 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ആറ് ഡോർമറ്ററി റൂം, കുട്ടികൾക്കായി അഞ്ച് ബാത്ത് റൂം, ഏഴ് ശുചിമുറി, വാഷ് ഏരിയ, വാർഡൻ റൂം, ലോബി, സ്റ്റോർ റൂം, സിക്ക് റൂം, ജീവനക്കാർക്കായി രണ്ട് ശുചിമുറി, വരാന്ത, പാസേജ് എന്നിവയും ബാത്ത് അറ്റാച്ച്ഡ് ഗസ്റ്റ് റൂം, ടിവി റൂം, ലൈബ്രറി എന്നിവയുമാണ് കെട്ടിടത്തിൽ ഉണ്ടാവുക. കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു.വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകൾക്ക് പ്രവേശനം നേടിയ പട്ടികവർഗ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം, പുസ്തകം എന്നിവ വാങ്ങുന്നതിനും ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ വിദ്യാർത്ഥികളിൽ ജില്ലയ്ക്കു പുറത്ത് പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്ക് പ്രാരംഭചെലവുകൾക്കുള്ള ധനസഹായവും സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിനായി അനുവദിച്ച കായിക ഉപകരണങ്ങളുടെ വിതരണവും മന്ത്രി ഒ ആർ കേളു നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ
ഡോ. മിഥുൻ പ്രേംരാജ്, കേന്ദ്രം എക്സി. സെക്രട്ടറി ഒ കെ സാജിദ്, ഐടിഡിപി പ്രൊജക്ട് ഓഫീസർ ജി പ്രമോദ്, ടിഡിഒമാരായ കെ കെ മോഹൻദാസ്, എം മജീദ്, സ്കൂൾ പ്രധാനാധ്യാപിക ജസീല കൈനാടൻ, പി ടിഎ പ്രസിഡന്റ് ഇ എ ബാലകൃഷ്ണൻ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
