ജില്ലയിലെ 120 പ്രീ പ്രൈമറി സ്‌കൂളുകള്‍ ‘വര്‍ണ്ണക്കൂടാരം’ പദ്ധതിയിലൂടെ ആധുനിക നിലവാരത്തിലെത്തി. പ്രീ പ്രൈമറി വിദ്യാലയങ്ങളുടെ ആധുനീകവും ശാസ്ത്രീയവുമായ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വര്‍ണ്ണക്കൂടാരം. 12 കോടി രൂപയാണ് പദ്ധതിക്കായി ജില്ലയ്ക്ക് ഇതുവരെ അനുവദിച്ചത്. സ്റ്റാര്‍സ്( STARS -STRENGHTHENING TEACHING LEARNING AND RESULTS FOR STATES) പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളമാണ് മോഡല്‍ പ്രൈമറി സ്‌കൂള്‍ പദ്ധതി നടപ്പിലാക്കുന്നത്.

2021-22 അധ്യന വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയിലൂടെ 13 ഇന പ്രത്യേക ഇടങ്ങളാണ് സ്‌കൂളുകളില്‍ വികസിപ്പിക്കുന്നത്. കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം പഞ്ചേന്ദ്രിയാനുഭവ ഇടം, നിര്‍മ്മാണ ഇടം, ഇ- ഇടം, പുറം കളിയിടം, അകം കളിയിടം എന്നിങ്ങനെ കൗതുകമുണര്‍ത്തുന്ന രീതിയിലാണ് വര്‍ണ്ണക്കൂടാരങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസീകവുമായ വളര്‍ച്ചയ്ക്ക് ഉതകുന്നരീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

ഓരോ സ്‌കൂളിനും പത്ത് ലക്ഷം രൂപ വീതമാണ് പദ്ധതിക്കായി അനുവദിച്ചത്. 20 X 20 വലുപ്പമുള്ള രണ്ട് ക്ലാസ് റൂമുകള്‍, പുറം കളിയിടം, ഹരിതോദ്യാനം എന്നിവ നിര്‍മ്മിക്കാനായുള്ള ഭൗതീക സൗകര്യങ്ങളുള്ള സ്‌കൂളുകളെയാണ് ആദ്യം പരിഗണിച്ചത്.ഓരോ സ്‌കൂളിലും രണ്ട് ലക്ഷം രൂപ വിലവരുന്ന ടെലിവിഷന്‍, സൗണ്ട് സിസ്റ്റം, എല്‍ സി ഡി പ്രൊജക്ടര്‍, സൗണ്ട് റെക്കോര്‍ഡര്‍ എന്നിവയും ഒരു ലക്ഷം രൂപ വിലവരുന്ന കളി ഉപകരണങ്ങള്‍ എന്നിവയ്ക്ക് മാത്രമായി 5.40 കോടി രൂപയാണ് ചെലവാക്കിയത്.

പദ്ധതി നടപ്പിലാക്കുന്നതിനായി ഓരോ സ്‌കൂളിലും സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, പി ടി എ, എസ് എം സി, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് അംഗങ്ങള്‍, പ്രാദേശിക വിദഗ്ധര്‍, വിദ്യാലയ വികസന സമിതി അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ അതാത് പ്രദേശത്തെ പ്രഗല്ഭര്‍ എന്നിവരാണ് സംഘാടക സമിതിയില്‍ ഉള്‍പ്പെടുന്നത്. പദ്ധതിയിലെ നൂതന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി അധ്യാപകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി ഏകദേശം 20 ദിവസത്തെ പ്രത്യേക പരിശീനവും നല്‍കി.