താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനൻ ജുഡീഷ്യൽ കമ്മീഷൻ ജില്ലയിലെ മാട്ടുപ്പെട്ടി, ഇടുക്കി, കുമളി എന്നിവിടങ്ങളിലായി മൂന്ന് ദിവസങ്ങളിൽ നടത്തിയ പൊതു തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പിൻ്റെ ഭാഗമായാണ് ഹിയറിംഗ് സംഘടിപ്പിച്ചത്. മൂന്നാം ദിനം കുമളിയിലായിരുന്നു സിറ്റിംഗ്.
പെരിയാർ വൈൽഡ് ലൈഫ് സാഞ്ചുറിയുടെ കീഴിൽ കെറ്റിഡിസി, ഫോറസ്റ്റ് എന്നീ വകുപ്പുകളുടെ അഞ്ചു ബോട്ടുകൾ മാത്രമാണുള്ളത്. ബോട്ടുകളുടെ അപര്യാപ്തത സഞ്ചാരികളുടെ വരവിനെ കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സഞ്ചാരികളെ ഉൾക്കൊള്ളുന്ന ആധുനിക മോഡൽ ബോട്ടുകൾ വർദ്ധിപ്പിക്കണം, വാഹന പാർക്കിംഗിൽ നിന്ന് സഞ്ചാരികളെ ബോട്ടിങ്ങിലേക്ക് എത്തിക്കുന്ന ബസ് സൗകര്യം ഭിന്നശേഷി സൗഹൃദം ആക്കണം, വയോജനങ്ങൾക്കും ഭിന്നശേഷികാർക്കും വേണ്ടി റാംപ് സൗകര്യം ഒരുക്കണം, ഫ്ലോട്ടിങ് ബോട്ട് ജെട്ടി നിർമ്മിക്കണം, ബോട്ടുകളിൽ പരിശോധന നടത്തുന്ന ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കണം, എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ കുമളിയിൽ നടന്ന തെളിവെടുപ്പിൽ ഉയർന്നുവന്നു.
രജിസ്റ്റർ ചെയ്ത 24 പേരിൽ 12 പേർ ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ജലഗതാഗത മേഖലയിൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാരമാർഗ്‌ഗങ്ങൾ ശുപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിങ്, എൻഫോഴ്‌സ്സ്മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോ, അല്ലെങ്കിൽ ആവശ്യമായ ശുപാർശകൾ സമർപ്പിക്കുക,
മുൻകാലങ്ങളിൽ സംഭവിച്ച ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ മേൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികളുടെ പര്യാപ്തത അവലോകനം ചെയ്യുക, ബന്ധപ്പെട്ട മറ്റു കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടത്തുന്നത്.
കുമളി ഡിടിപിസി ഹാളിൽ നടന്ന തെളിവെടുപ്പിൽ കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ്പ് ബിൽഡിങ് ടെക്നോളജി വിഭാഗം റിട്ട. പ്രൊഫസർ ഡോ. കെ. പി നാരായണൻ, കമ്മീഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ്, കമ്മീഷൻ അഭിഭാഷകൻ അഡ്വ. ടി.പി രമേശ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ബോട്ട് ജീവനക്കാർ, ഉടമകൾ, തുടങ്ങിയവർ പങ്കെടുത്തു.
