ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എം.എം മണി എംഎല്‍എ നിര്‍വഹിച്ചു. ജനപ്രതിനിധി എന്ന നിലയ്ക്ക് ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും വികസന പ്രവർത്തനങ്ങൾ ഒരേപോലെ നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. സർക്കാർ നേരിട്ട സാമ്പത്തിക പരാധീനതകൾകൾക്കിടയിലും പരമിതികൾ മറികടന്ന് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ റോഡ് വികസനത്തിൽ അടക്കം എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് എല്ലാ പഞ്ചായത്തിലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. എംഎൽഎ എന്ന നിലയിൽ തുടർന്നും മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രാധ്യാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.രാജകുമാരി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജകുമാരി വനിതാ മാര്‍ക്കറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്തിലെ എട്ട് ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം, നടുമറ്റത്ത് വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനവുമാണ് എംഎല്‍എ എം.എം മണി നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്തിലെ
തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി തയ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വനിതകൾക്കുള്ള സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു.
വനിതാ മാർക്കറ്റ് സമുച്ചയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 1.25 കോടി രൂപ ചെലവിലാണ് രാജകുമാരി ഗ്രാമപഞ്ചായത്തിനോട് ചേർന്ന് മാര്‍ക്കറ്റ് സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. 6100 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് വനിതാ മാർക്കറ്റ് സമുച്ചയം. ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപയും രാജകുമാരി ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
8 ഹൈമാസ്റ്റ് ലൈറ്റുകൾ
രാജകുമാരി ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിലായി 8 ഹൈമാസ്റ്റ് ലൈറ്റുകളാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ചിട്ടുള്ളത്. 18.80 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണത്തിനായി വിനിയോഗിച്ചത്. രാജകുമാരി നോർത്ത് അമ്പലപ്പടിയിൽ എംഎം മണി എംഎൽഎ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ നിർവഹിച്ചു.
വഴിയിടം ടേക്ക് എ ബ്രേക്ക്- നടുമറ്റം
നടുമറ്റത്ത് നിർമ്മാണം പൂർത്തികരിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് 40.50 ലക്ഷം രൂപയാണ് ചെലവ്. ജില്ലാ പഞ്ചായത്ത് 30 ലക്ഷവും, അഞ്ച് ലക്ഷം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും, അഞ്ചര ലക്ഷം ഗ്രാമപഞ്ചായത്തും ഫണ്ടുകൾ വിനിയോഗിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർഥ്യമാക്കിയത്.
