സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്റെ ഭാഗമായി പോഷകത്തോട്ടം പദ്ധതി നടപ്പാക്കി തൈക്കാട്ടുശ്ശേരി ഗ്രാമം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കർഷകർക്കായി കൃഷിഭവൻ വഴി 3250 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. കൃഷിഭവൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ഷിബു പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു. പരമ്പരാഗത കർഷകഗ്രാമമായ തൈക്കാട്ടുശ്ശേരിയിലെ കൂടുതലാളുകളെ കാർഷിക രംഗത്തേക്ക് എത്തിക്കുന്നതിനും വിഷരഹിത കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പാവൽ, പടവലം, പീച്ചിൽ, വെണ്ട, ദീർഘകാല വിളകളായ കാന്താരി, അകത്തി, പപ്പായ എന്നിവയുടെ തൈകളും, ഡോളോ മേറ്റ്-അഞ്ച് കിലോ, സമ്പൂർണ്ണ- 250 ഗ്രാം, സ്യൂഡോമോണസ്- 500ഗ്രാം, ട്രൈക്കോഡർമ- 500ഗ്രാം, ഫിഷ് അമിനോ ആസിഡ്- 100 മില്ലി, ട്രൈക്കോഡർമ്മ സമ്പുഷ്ടീകരിച്ച മണ്ണിര കമ്പോസ്റ്റ്- എട്ട് കിലോ, ജൈവ കീടനാശിനി-100 മില്ലി എന്നിവയുൾപ്പെടെയാണ് ഗുണഭോക്താക്കൾക്ക് നൽകിയത്.
നേരത്തേ 3000 ഹൈബ്രിഡ് പച്ചക്കറി തൈകളും, ആയിരത്തോളം ഹൈബ്രിഡ് പച്ചക്കറി വിത്തിനങ്ങളും പച്ചക്കറി കൃഷി വികസനത്തിന്റെ ഭാഗമായി പഞ്ചായത്തില് കർഷകർക്ക് നൽകിയിരുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിയിൽ അഞ്ച് ഹെക്ടറിൽപരം സ്ഥലത്ത് തൈക്കാട്ടുശ്ശേരിയിൽ കൃഷിയിറക്കിയിരുന്നു. മഴ സൃഷ്ടിച്ച പ്രതിസന്ധിയിൽ കൃഷിയിൽ മികച്ച വിളവെടുപ്പ് നേടാനായിരുന്നില്ല. ഇനി നവംബർ മുതൽ ആരംഭിക്കുന്ന അടുത്ത കാർഷിക സീസണിൽ കൃഷി കൂടുതൽ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും കൃഷി വകുപ്പും. പോഷകത്തോട്ടം പദ്ധതി ഗുണഭോക്താക്കളാകുന്നവർക്ക് ഉത്പന്നങ്ങൾ നൽകുന്നതിനൊപ്പം അവയുടെ നടീൽ, പരിപാലനം, വിളവെടുപ്പ് എന്നീ ഘട്ടങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എല്ലാ പിന്തുണയും നൽകുമെന്ന് കൃഷി ഓഫീസർ പിന്റു റോയി വട്ടക്കുന്നേൽ പറഞ്ഞു.
പരിപാടിയിൽ സ്ഥിരംസമിതി അധ്യക്ഷരായ പ്രിയ ജയറാം, ബിജോയ് കെ പോൾ, കൃഷി ഓഫീസർ പിന്റു റോയി വട്ടക്കുന്നേൽ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
