പ്രഥമ ശുശ്രൂഷാ പരിശീലനം വ്യാപകമാക്കും: മുഖ്യമന്ത്രി
സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരീശീലനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം എന്നും ലോകത്തിന് മാതൃകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നമ്മൾ കൈവരിച്ച നേട്ടങ്ങൾ നിസാരമല്ല. എന്നാൽ, ഇന്ന് ഹൃദയസ്തംഭനം മൂലമുള്ളതും കുഴഞ്ഞു വീണുമുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഈ മരിച്ചവരിൽ ചിലരെങ്കിലും, സമയത്ത് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈയൊരു അവസ്ഥ ഇനിയും ഉണ്ടാകരുത്.
നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം, ഹൃദയ രോഗങ്ങളും മറ്റ് ജീവിതശൈലീ രോഗങ്ങളും വർദ്ധിക്കുകയാണ്. ഇവ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ചും നമ്മൾ ഓരോരുത്തരെയും ബോധവൽക്കരിക്കണം. അതോടൊപ്പം, ഒരാൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ചാൽ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയണം.
അതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് സി.പി.ആർ. (Cardiopulmonary Resuscitation). ഇത് ഹൃദയസ്തംഭനം മൂലം പെട്ടെന്നുള്ള മരണം കുറയ്ക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പ്രഥമ ശുശ്രൂഷയാണ്. സി.പി.ആർ. പരിശീലനം നേടുന്നതിലൂടെ, നിങ്ങളിൽ ഓരോരുത്തർക്കും ഒരു ജീവൻ രക്ഷിക്കാൻ കഴിയും.

ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട്, നമ്മൾ ‘ഹൃദയപൂർവ്വം’ എന്ന പേരിൽ ഒരു ബൃഹത്തായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി, പരിശീലന പരിപാടി സ്കൂളുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രാദേശിക കൂട്ടായ്മകളിലേക്കും വ്യാപിപ്പിക്കും.
പ്രത്യേകിച്ചും നമ്മുടെ യുവജനങ്ങളെയും വിവിധ തൊഴിൽ വിഭാഗങ്ങളെയും ഈ പരിശീലനത്തിലൂടെ പ്രഥമ ശുശ്രൂഷ നൽകുന്നതിന് പ്രാപ്തരാക്കാനാകും. സി.പി.ആർ. പരിശീലനം നമ്മുടെ സംസ്ഥാനത്തെ ഓരോ പൗരന്റെയും അടിസ്ഥാന അറിവായി മാറണം. അങ്ങനെയെങ്കിൽ ലോകത്തിന് ആകമാനം മാതൃകയായി നമ്മുടെ കൊച്ചുകേരളം മാറും. ഒരു ജീവൻ പോലും ഇനി പ്രഥമ ശുശ്രൂഷ ലഭിക്കാത്തതിന്റെ പേരിൽ നഷ്ടപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നിയമസഭാ സമാജികർക്കും ജീവനക്കാർക്കുമാണ് സി.പി.ആർ. പരിശീലന പരിപാടി സംഘടിപ്പിച്ചത്.
നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സ്വാഗതമാശംസിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, കെ. രാജൻ, ജി.ആർ. അനിൽ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.എ. ശ്രീവിലാസൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ വിനയ് ഗോയൽ, നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.
