* ‘അസാപി’ന്റെ കമ്യൂണിറ്റി സ്‌കിൽ പാർക്കുകളുടെ ധാരണാപത്രം കൈമാറി
എല്ലാ ജില്ലകളിലും നൈപുണ്യവികസനത്തിനായി കുറഞ്ഞത് രണ്ടുവീതം സ്‌കിൽ പാർക്കുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളുടെ ധാരണാപത്രം കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാനാവുമ്പോഴാണ് ജീവിതത്തിൽ നൂതനമായ കാര്യങ്ങൾ ചെയ്യാനാകുന്നത്. മലയാളികൾക്ക് കൃത്യമായ വിദ്യാഭ്യാസം അറിവ് നൽകുന്നുണ്ടെങ്കിലും അവ പ്രയോഗവത്കരിക്കാനുള്ള സാഹചര്യങ്ങൾ കുറവാണ്. കഴിവുകൾ മനസിലാക്കി പരിശീലനം നൽകാനാകണം. ‘അസാപ്’ വഴിയുള്ള പരിശീലനം ഒരുപാടുപേരെ സഹായിക്കുന്നുണ്ട്. അറിവിനപ്പുറം പ്രാപ്തിയുള്ളവരെ എത്ര ശമ്പളം നൽകിയും ജോലികൾക്ക് നിയോഗിക്കാൻ കമ്പനികൾ തയാറാകും.
കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ കൂടി വരുന്നതോടെ നൈപുണ്യപരിശീലനത്തിൽ കൂടുതൽ സൗകര്യം ഒരുങ്ങുകയാണ്. ഇതുവരെ സാങ്കേതിക വിദ്യാഭ്യാസം എഞ്ചിനീയറിംഗ് കോളേജുകളിലും പോളിടെക്‌നിക്കുകളിലും ഒതുങ്ങുകയായിരുന്നു. ഇതിനായി സഹകരിക്കാൻ നല്ല സംരംഭകർ മുന്നോട്ടുവരുന്നുവെന്നതും ശ്‌ളാഘനീയമാണ്.

കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ വെബ്‌സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. അസാപ് സി.ഇ.ഒ റീത്ത എസ്. പ്രഭ കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപറേറ്റിംഗ് പാർട്ണർമാരായ കമ്പനികളുമായുള്ള ധാരണാപത്രം കൈമാറി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഡയറക്ടർ പി. അനിൽപ്രസാദ്, വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. വ്യത്യസ്ത വ്യവസായമേഖലകളെ സ്‌കിൽ പാർക്കുകളുമായി ബന്ധപ്പെടുത്താൻ പാർക്ക് പാർട്ണർമാരുടെ ഇൻഡസ്ട്രി കണക്ട് ഫോർ സ്‌കിൽസ് സംഗമവും സംഘടിപ്പിച്ചു.
കേരളത്തിലുടനീളം സ്ഥാപിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ വഴി ജനങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനുതകുന്ന നൈപുണ്യപരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. 25,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള ഓരോ കമ്യൂണിറ്റി സ്‌കിൽ പാർക്കിലും ഒരേസമയം മുന്നൂറിൽപരം പേർക്ക് പരിശീലനം നൽകാനാവും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒൻപതു കമ്യൂണിറ്റി സ്‌കിൽ പാർക്കുകളാണ് പ്രവർത്തനസജ്ജമാകുന്നത്. അടുത്ത ഘട്ടത്തിലെ ആറു പാർക്കുകളുടെ നിർമാണമുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. പൊതു -സ്വകാര്യ പങ്കാളിത്തത്തിലാണ് നടത്തിപ്പ്.
ഹെവി മെഷിനറി, പ്രിസിഷൻ, ഐടി, ആക്ടിവിറ്റി എന്നീ വിഭാഗങ്ങൾ തരംതിരിച്ചാണ് പരിശീലനം. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഐടി, ഫിനാൻസ്, മെക്കാട്രോണിക്സ് തുടങ്ങി എല്ലാ പ്രമുഖ വ്യവസായ മേഖലയിലെയും നൂതന കോഴ്സുകളാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ വഴി നൽകുന്നത്.