നവോത്ഥാന ചിന്തകളും ഭരണഘടനയും ക്ളാസ് മുറികളിൽ ചർച്ച ചെയ്യണമെന്നും ഇവ സംരക്ഷിക്കുന്നതിനുള്ള ഇടപെടൽ ക്ളാസുകളിൽ നിന്ന് ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് സർക്കാർ പരിശോധിക്കും. അന്ധവിശ്വാസങ്ങൾക്കെതിരായ പ്രായോഗിക ഇടപെടൽ അധ്യാപകരിൽ നിന്നുണ്ടാവണം. അങ്ങനെ സംഭവിക്കുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. പഠനരീതി പൂർണ ഗുണപ്രദമാകാൻ അധ്യാപകർ അതിനനുസരിച്ച് മെച്ചപ്പെടണം. അധ്യാപക വിഭാഗവും പ്രാദേശിക ഭരണസംവിധാനവും ഇതിനായി യോജിച്ചു പ്രവർത്തിക്കണം. വിദ്യാഭ്യാസ പദ്ധതികൾ ശരിയായി ആവിഷ്‌കരിച്ച് നടപ്പാക്കണം. പഠനം കഴിഞ്ഞ് സമൂഹത്തിലിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഗുണപരമായ സംഭാവന നൽകാനാവണം. അതിനാവശ്യമായ സാമൂഹ്യബോധവും ശാസ്ത്രീയ കാഴ്ചപ്പാടും ഉയർത്താൻ അധ്യാപകർക്ക് കഴിയണം. സ്‌കൂൾ പാർലമെന്റുകൾ ഫലപ്രദമായി നടത്താനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കർമ്മപദ്ധതി ശിൽപശാലയുടെ സമാപനത്തിൽ ക്രോഡീകരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സമഗ്ര പോർട്ടൽ ഉപയോഗിച്ച് ക്ളാസുകൾ കൃത്യമായി നടക്കുന്നുണ്ടോയെന്ന് വിലയിരുത്തണം. പഠന സൗകര്യം ഒരുക്കുന്നതിനൊപ്പം പഠനപ്രവർത്തനം ഫലപ്രദമായി നടത്താനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധിക്കണം. വിദ്യാലയങ്ങളെ പൂർണമായി ലഹരി മുക്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം.

ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുള്ളിൽ ആരോഗ്യ പരിചരണത്തിന് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 60 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ കണക്കനുസരിച്ച് 40 ശതമാനം പേർ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. അതുടനെ 50 ശതമാനമാക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ജനപങ്കാളിത്തം ഉറപ്പാക്കണം. കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും വികസിപ്പിക്കുന്നതിന് സ്പോൺസർഷിപ്പും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടും വിനിയോഗിക്കാനാവുമോയെന്ന് നോക്കണം. പ്രളയത്തെ തുടർന്ന് പകർച്ചവ്യാധി ഭീഷണിയുണ്ടായിരുന്നെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടലിലൂടെ ഇത് തടയാനായി. ഒരു വൈദ്യശാഖ മറ്റൊന്നിന് എതിരാണെന്ന് കരുതാൻ പാടില്ല. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാവണം. തദ്ദേശസ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ വാർഡ് കമ്മിറ്റികളും ആരോഗ്യ സേനയേയും പ്രവർത്തനനിരതമാക്കണം. ഇതിലൂടെ എല്ലാ വീടുകളിലും ആരോഗ്യ പ്രവർത്തനം എത്തിക്കാനാവും.
ജലഉപയോഗത്തിൽ പുതിയ സംസ്‌കാരം വളർത്തേണ്ടതുണ്ട്. തോടുകളിൽ നിന്ന് ആഴത്തിൽ മണ്ണു മാറ്റുന്നത് വെള്ളം കെട്ടിനിൽക്കാൻ ഉപകരിക്കും. ലൈഫ് പദ്ധതിയിൽ അർഹതയുള്ളവരുടെ വീട് നിർമാണം ഒരുകാരണവശാലും താമസിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്ത് തലത്തിൽ ഒരു വാട്ടർ ബഡ്ജറ്റ് ഉണ്ടാക്കുന്നത് പരിശോധിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ഇത്. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ, പ്രൊഫ. സി. രവീന്ദ്രനാഥ്, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ, അംഗം കെ. എൻ. ഹരിലാൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായിരുന്നു.