സംസ്ഥാനത്ത് ഒക്ടോബർ 2 മുതൽ ഒരാഴ്ച വന്യജീവി വാരമായി വർഷം തോറും ആചരിച്ചുവരുന്നുണ്ട്. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി, എല്ലാ ജനവിഭാഗങ്ങളെയും ബോധവൽക്കരിക്കുക, വന സംരക്ഷണ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തവും പ്രേരണയും ഉറപ്പ് വരുത്തുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിലും ജീവനക്കാരിലും എത്തിക്കുന്നതിന് ഒക്ടോബർ 6ന് ഉച്ചയ്ക്ക് മുമ്പ് സർക്കാർ ഉദ്യോഗസ്ഥരും സ്കൂൾ വിദ്യാർത്ഥികളും പ്രതിജ്ഞ എടുക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിച്ചു.
പ്രതിജ്ഞ: ‘വന്യജീവി സംരക്ഷണം ഭരണഘടനാപരമായ എന്റെ മൗലിക കർത്തവ്യങ്ങളുടെ ഭാഗമാണെന്നും അതിന് വിഘാതമാകുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിയ്ക്കും മാനവരാശിയ്ക്കും എതിരാണെന്നും ഞാൻ മനസിലാക്കുന്നു. വനം-വന്യജീവി സംരക്ഷണം എന്റെ കടമയായി തിരിച്ചറിഞ്ഞു പ്രവർത്തിക്കുമെന്നും, അതിനുള്ള പിന്തുണ നൽകുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.’
