കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ ജില്ലാഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കൊല്ലം കോർപ്പറേഷനും ഗാന്ധിപീസ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷ പരിപാടി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തി സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നയിച്ച സത്യാന്വേഷിയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ ഗാന്ധിയുടെ ജീവചരിത്രം പഠന വിഷയമാണ്. സ്വജീവിതം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു. മതമൈത്രി പുനസ്ഥാപിക്കാനും വർഗീയതയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും എന്നെന്നും ഓർമ്മിക്കപ്പെടും. സ്വന്തം ജീവിതം തന്നെ രാഷ്ട്രത്തിനു വേണ്ടി മാറ്റിവെച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹത് വ്യക്തിയാണ് ഗാന്ധിയെന്നും മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജി മുന്നോട്ടു വച്ച സമാനതകളില്ലാത്ത സഹനത്തിന്റെയും അഹിംസയുടെയും സമര തന്ത്രമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ചത്. അവിടുന്ന് ഇങ്ങോട്ട് ഉള്ള പുരോഗതിയുടെ തുടർച്ചയാണ് ഇന്ന് നിലനിൽക്കുന്ന കണ്ടുപിടിത്തങ്ങളുടെയും വിരൽത്തുമ്പിൽ ലഭിക്കുന്ന സാങ്കേതിക വിദ്യയുടെയും വളർച്ച. അദേഹത്തിന്റെ സമരരീതി ലോകത്തെ വിവിധ മനുഷ്യാവകാശ സമരങ്ങൾക്ക് മാതൃകയായി. പുതുതലമുറയ്ക്ക് ഗാന്ധിജിയുടെ ചരിത്രം സവിസ്തരം പകർന്നു നൽകണമെന്നും അദേഹം കൂട്ടിചേർത്തു.
ചടങ്ങിന് മുന്നോടിയായി ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ഗാന്ധിപാർക്ക് വരെ സ്കൂൾ വിദ്യാർത്ഥികൾ, എൻ സി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങൾ പങ്കെടുത്ത പദയാത്ര ജില്ലാ കലക്ടർ എൻ ദേവിദാസ് ഫ്ലാഗ് ഓഫ് ചെയ്തു. വിശിഷ്ടാതിഥികൾ ബീച്ചിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും നടത്തി.
ഡെപ്യൂട്ടി മേയർ എസ് ജയൻ അധ്യക്ഷനായി. എം നൗഷാദ് എം.എൽ.എ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പോൾ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി. ജില്ലാ കലക്ടർ എൻ ദേവിദാസ്, എ.ഡി.എം ജി.നിർമൽകുമാർ,ജില്ല ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ,
ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി ആർ കൃഷ്ണകുമാർ, ഡെപ്യൂട്ടി കലക്ടർ രാഗേഷ് കുമാർ, ഫാ. റൊമാൻസ് ആന്റണി, തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞയും ചടങ്ങിന്റെ ഭാഗമായി. ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കിയത്.
