സംസ്ഥാനസർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനും രാമങ്കരി ഗ്രാമപഞ്ചായത്തിൽ വികസനസദസ്സ് സംഘടിപ്പിച്ചു. രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിനെ സമ്പൂർണ്ണ അതിദാരിദ്ര്യ മുക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടു കുടുംബങ്ങളെ കണ്ടെത്തി അതിദരിദ്ര മുക്തമാക്കിയതായും ലൈഫ് ഭവനപദ്ധതി വഴി ഭവന രഹിത ഗുണഭോക്താക്കളിൽ 124 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായും ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളിൽ 34 പേർക്ക് സ്ഥലം വാങ്ങി നൽകിയതായും പഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി.

ഡിജി കേരളം വഴി കണ്ടെത്തിയ 1285 പഠിതാക്കളുടെയും പരിശീലനം പൂർത്തീകരിച്ചു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 13 വാർഡുകളിലായി 29 മിനി എംസിഎഫുകൾ സ്ഥാപിച്ചു. ഹരിതകർമ്മസേനക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങി നൽകി. ഗാർഹിക ഗുണഭോക്താക്കൾക്ക് 200 ബോക്കാഷി ബക്കറ്റും 780 ബിന്നും വിതരണം ചെയ്തു. ഘടക സ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ ഉൾപ്പടെ 33 സ്ഥാപനങ്ങൾക്ക് ജൈവമാലിന്യ സംസ്‌കരണ ഉപാധികൾ നൽകി മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റിയതുൾപ്പടെയുള്ള നേട്ടങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കെ-സ്മാർട്ട് സേവനങ്ങൾ നൽകാൻ സദസ്സിന്റ ഭാഗമായി ഒരുക്കിയ കെ-സ്മാർട്ട് ക്ലിനിക്കിലൂടെ കെട്ടിട നികുതി രസീത്, ബിൽഡിംഗ് സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, കെട്ടിട സർട്ടിഫിക്കറ്റ് തുടങ്ങിയ വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ആർ രാജുമോൻ അധ്യക്ഷനായി. എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ബിൻസി സി തോമസ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. റിസോഴ്സ് പെഴ്സൺ ജി റ്റി അഭിലാഷ് സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി എ ഭാമദേവി പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ റ്റി ആർ രാജ്‌മോഹന്റെ നേതൃത്വത്തിൽ ഓപ്പൺ ഫോറം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ സജീവ്, സ്ഥിരംസമിതി അധ്യക്ഷരായ മോൾജി രാജേഷ്, ഡെന്നി സേവ്യർ, സൂര്യ ജിജിമോൻ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ആശ ജോസഫ്, പ്രമോദ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സോളി ആന്റണി, കുഞ്ഞുമോൾ ശിവദാസ്, കെ റോഷ്‌ന, സജീവ് ഉതുംതറ, ഷീന റെജപ്പൻ, കെ പി അജയ്‌ഗോഷ്, ബിൻസ് ജോസഫ്, ബി സരിൻ കുമാർ, എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ സി അലക്സ്‌, അസിസ്റ്റന്റ് സെക്രട്ടറി പി സജി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഈ വർഷത്തെ നെഹ്‌റുട്രോഫി വള്ളംകളി ജേതാക്കളായ വീയപുരം ചുണ്ടൻ്റെ ലീഡിങ് ക്യാപ്റ്റൻ ബൈജു പുളിമുട്ടിൽ, കർഷകർ, വിദ്യാർഥികൾ, പ്രതിഭകൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേനാഗംങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 330 ഓളം പേർ സദസ്സിന്റെ ഭാഗമായി. സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴിൽമേളയിൽ 21 തൊഴിലന്വേഷകർ പങ്കെടുത്തു. രണ്ട് കമ്പനികളിലേക്കാണ് അഭിമുഖം നടത്തിയത്.