ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര പുരോഗതി വിലയിരുത്തിയും വികസിത ഭാവിയെ കുറിച്ച് ചർച്ച ചെയ്തും ഓപ്പൺ ഫോറം സജ്ജീവമായി. തരിശ് ഭൂമിയില്ലാത്ത ഏഴോം പഞ്ചായത്ത് യാഥാർഥ്യമാക്കണമെന്ന് കർഷകനായ സി.വി സുകുമാരൻ നിർദേശിച്ചു. കൃഷി, ക്ഷീരവികസനം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾ കൊണ്ടുവരണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. കൈപ്പാട് കൃഷിഭൂമി സംരക്ഷിക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം. കേരഗ്രാമം പദ്ധതി വലിയ രീതിയിൽ നടപ്പാക്കണം. കാർഷിക മേഖലയെ സംരക്ഷിക്കാൻ പഞ്ചായത്ത് തലത്തിൽ ഒരു സൊസൈറ്റി രൂപീകരിച്ച് കൃഷി വ്യാപിപ്പിക്കണം. കാർഷിക മേഖലയിൽ യുവാക്കളെ കൊണ്ടുവരാൻ ആകർഷകമായ പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നുവന്നു.
പഞ്ചായത്തിലെ മുഴുവൻ ലൈബ്രറികളും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് പൊതുപ്രവർത്തകൻ സുധി അഭിപ്രായപ്പെട്ടു. വായനശാലകളിൽ ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതിനുള്ള ഫണ്ട് പഞ്ചായത്ത് വഴി ലഭ്യമാക്കണം. ഡിജിറ്റൽ സാക്ഷരതയ്ക്ക് ആവശ്യമായ പരിശീലന പരിപാടികളും സംഘടിപ്പിക്കണം. ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മാണത്തിന് പ്രഥമ പരിഗണന നൽകണം. ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കണം. ഒഴിവുള്ള തസ്തികൾ നികത്തുന്നത് സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം.ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ റിപ്പെയർ ചെയ്യാൻ പഞ്ചായത്ത് തലത്തിൽ ഒരു വർക്ക് ഷെഡ് വേണം എന്നായിരുന്നു ഷീബയുടെ നിർദ്ദേശം.
ഖാദി കേന്ദ്രത്തിന്റെ മേൽക്കൂര മാറ്റി സ്ഥാപിക്കണം. പുഴയിൽ മണ്ണിടിഞ്ഞ് വെള്ളക്കെട്ട് ഉണ്ടാകുന്നത് ഗൗരവപൂർവ്വം പരിഗണിക്കണം. തീരദേശ റോഡ് ഉൾപ്പെടെ വികസനം യാഥാർത്ഥ്യമാക്കണം. കോട്ടക്കൽ -പട്ടുവം പാലത്തിൽ ലൈറ്റ് സ്ഥാപിക്കണം. പഞ്ചായത്തിന്റെ ഗ്രൗണ്ട് പൂർണമായി നവീകരിക്കണം.
നെരുവമ്പ്രം- എരിപുരം റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം. മത്സ്യ തൊഴിലാളികളുടെ സി ആർ ഇ സെഡ് വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തണം. തെരുവുനായ ശല്യം പരിഹരിക്കണം തുടങ്ങിയ വിഷയങ്ങളും ചർച്ചയ്ക്ക് വന്നു. പഴയങ്ങാടി -ഏഴോം തീരദേശ റോഡ് ഉയർത്തി ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്താൽ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകും എന്ന് മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഓപ്പൺ ഫോറത്തിലെ ഓരോ വിഷയങ്ങളിലും പഞ്ചായത്ത് എടുത്ത നിലപാടുകളും തുടർ പ്രവർത്തന പദ്ധതികളും പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ വിശദീകരിച്ചു. തുടർന്ന് പഞ്ചായത്തിന്റെ വികസന രേഖ വിതരണം ചെയ്തു. പൊതുജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു ഏഴോം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ്.
