പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സദസ് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന്‌ ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്നും വികസനത്തിന്റെ മുൻ‌തൂക്കം ജനങ്ങൾ നിശ്ചയിക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു.

പാപ്പിനിശ്ശേരി പഞ്ചായത്തിലെ പ്രവാസികളെ ഉൾകൊള്ളിച്ചുകൊണ്ട് വിവിധ മേഖലകളിൽ നിക്ഷേപങ്ങൾ ഉണ്ടാക്കിയെടുത്ത് അതു വഴി പഞ്ചായത്തിന്റെയും മണ്ഡലത്തിന്റെയും വികസനം വർധിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു. പാപ്പിനിശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷനായി.

എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ മുഖ്യസാന്നിധ്യമായി. റിസോഴ്സ് പേഴ്സൺ വി.കെ പ്രകാശിനി സംസ്ഥാന റിപ്പോർട്ട് അവതരണം നടത്തി. പഞ്ചായത്ത്‌ സെക്രട്ടറി ടി.പി ശ്രീജയ പഞ്ചായത്ത്‌ വികസന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ആറോൺ യു പി സ്കൂൾ വിദ്യാർഥികളുടെ നാടകം അരങ്ങേറി. ശുചിത്വ പ്രവർത്തനങ്ങളിലെ മികച്ച സഹകരണത്തിന് ഹരിത കർമ്മ സേന, ആറോൺ യു പി സ്കൂൾ, ഗവ. മാപ്പിള എൽ പി സ്കൂൾ മാങ്കടവ്, ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസിലെ എൻ എസ് എസ് വിദ്യാർഥികൾ, അരോളി ഗവ. എച്ച് എസ് എസ് എൻ എസ് എസ് വിദ്യാർഥികൾ എന്നിവരെ ആദരിച്ചു.

സജീവമായി ഓപ്പൺ ഫോറം
പഞ്ചായത്തിന്റെ വിവിധ ഭാവി വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഓപ്പൺ ഫോറത്തിൽ സജീവമായ ചർച്ച നടന്നു.
പറശ്ശിനിക്കടവ്, ഭഗത് സിംഗ് ഐലന്റ് എന്നിവ കേന്ദ്രീകരിച്ച് പഞ്ചായത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കണമെന്നും തീരദേശ റോഡുകൾ യാഥാർത്ഥ്യമാക്കണമെന്നും പുഴയിൽ നിന്ന് വെള്ളം കയറുന്ന ഇടങ്ങൾ ബണ്ട്കെട്ടി സംരക്ഷിക്കണമെന്നും മാലിന്യ സംസ്കരണം ശക്തിപ്പെടുത്തി സൗന്ദര്യവൽക്കരിക്കണമെന്നും സുനിൽകുമാർ ചർച്ചയിൽ നിർദ്ദേശിച്ചു.
പൊതു പണം ഫലപ്രദമായി വിനിയോഗിക്കണമെന്നും മാലിന്യ സംസ്കരണത്തിന് നൽകുന്ന റിംഗ് കമ്പോസ്റ്റ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഇ ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
ഹൈവെ വികസനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന നഗരവൽക്കരണം മുൻകൂട്ടി കണ്ടുകൊണ്ട് മാലിന്യ സംസ്കരണത്തിന് ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തണം, വേളാപുരം തോട് പുനരുജീവിപ്പിക്കണം, പഞ്ചായത്തിലെ പ്രദേശങ്ങൾ വിനിയോഗിക്കുന്നതിന് പ്ലാനിങ് നടപ്പാക്കണം തുടങ്ങിയ കാര്യങ്ങൾ ഏഴിൽ രാജൻ നിർദേശിച്ചു. പ്രാദേശിക റോഡ്, തെരുവ് വിളക്ക്, സാമൂഹ്യ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി. ചർച്ചയിലെ വിഷയങ്ങൾ ഗൗരവപൂർവ്വം കണ്ട് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ പറഞ്ഞു.

വികസന സദസിന്റെ ഭാഗമായി കെ-സ്മാർട്ടും മെഡിക്കൽ ക്യാമ്പും
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസിന്റെ ഭാഗമായി കെ സ്മാർട്ട്‌ ക്ലിനികും കുടുംബശ്രീ മിഷന്റെ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. കെ സ്മാർട്ട് ഉപയോഗവുമായി ബന്ധപ്പെട്ട സംശയനിവാരണം, കെട്ടിടനികുതി അടക്കൽ, ബിൽഡിംഗ് സർട്ടിഫിക്കറ്റ് അനുവദിക്കൽ, മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം, രസീത് വിതരണം എന്നിവയാണ് കെ സ്മാർട്ട്‌ നൽകുന്ന സേവനങ്ങൾ. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്ട്രോൾ, ഹിമോഗ്ലോബിൻ എന്നിവ പരിശോധിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. വികസന സദസിൽ എത്തി ചേർന്ന പൊതു ജനങ്ങൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി.

സമഗ്ര വികസനങ്ങളുമായി പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌
സമാനതകളില്ലാത്ത വികസന കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളോടെയും മുന്നേറുന്ന പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത, മാലിന്യ വലിച്ചെറിയൽ മുക്ത, അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്‌, ഭവനരഹിതരില്ലാത്ത, വനിതാ ശിശു വയോജന ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്‌ എന്നീ നേട്ടങ്ങൾ ഈ ഭരണകാലയളവിൽ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷവും വികസന ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് വിവിധ മേഖലകളിൽ വികസനം നടപ്പാക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
പശ്ചാത്തല വികസനം, ദാരിദ്ര്യ ലഘൂകരണം എന്നീ മേഖലകളിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത്‌ ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, ബഡ്‌സ് സ്കൂൾ, പകൽ വീട് എന്നിവയും കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഫിലമെന്റ് രഹിത പഞ്ചായത്ത്‌ എന്ന നേട്ടവും പഞ്ചായത്ത്‌ നേടിയിട്ടുണ്ട്. ദാരിദ്ര്യ ലഘുകരണത്തിനായി വ്യക്തിഗത സംരംഭങ്ങൾ, ഗ്രൂപ്പ്‌ സംരംഭങ്ങൾ, വനിതാ വ്യക്തിഗത- ഗ്രൂപ്പ്‌ സംരംഭങ്ങൾ, തൊഴിൽ മേളകൾ, സംരംഭകത്വ പരിശീലനം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമായി യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്ത്‌ പരിധിയിലെ 30 എഴുത്തുകാരുടെ കവിതാ- കഥ സമാഹാരം പാപ്പിനിശ്ശേരി എഴുത്തുകൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. ക്ലാസ്സിക്‌ സിനിമകൾ പ്രദർശിപ്പിക്കുന്നതായി ലിറ്റിൽ തിയേറ്റർ നടപ്പാക്കി.
കാർഷിക മേഖലയിൽ സമഗ്ര നെല്ല്, തെങ്ങ്, പച്ചക്കറി, ഗ്രൂപ്പ്‌ വനിതാ പച്ചക്കറി പ്രോത്സാഹനം എന്നിങ്ങനെ 2.67 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. ക്ഷീര മൃഗ സംരക്ഷണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കറവ പശു വിതരണം, പാലിന് സബ്‌സിഡി, കന്നുകുട്ടി പരിപാലനം തുടങ്ങി 30 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ, രണ്ട് സബ് സെന്റർ, ആയുർവേദ ഡിസ്‌പെൻസറി, ഹോമിയോ ഡിസ്‌പെൻസറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ ബോധവൽക്കരണ പരിപാടികൾ തുടങ്ങി 1.21 കോടി രൂപയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്.
മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് ഹരിത കർമ സേന ഉൾപ്പെടെ നടപ്പാക്കിയത്. ഹരിത പാർക്ക്, ശുചിത്വ പട്ടണം, ഹരിത വിദ്യാലയം, ഹരിത ദേവാലയം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വയോജന വനിതാ ശിശു വികസനത്തിന്റെ ഭാഗമായി അങ്കണവാടികളിൽ കളി ഉപകരണങ്ങൾ, പോഷകാഹാര വിതരണം, ന്യൂട്രി കിച്ചൺ, ബേബി ബെഡ് തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും പരിചരണം, ആധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. വയോജനങ്ങൾക്ക് ശ്രവണ സഹായി, കട്ടിൽ, ഇലക്ട്രിക് വീൽ ചെയർ, വയോജന സംഗമം എന്നിങ്ങനെ 3.31 കോടി രൂപയുടെ വികസനം നടപ്പാക്കി.
അത്യാധുനിക സൗകര്യത്തോടെയുള്ള ബഡ്‌സ് സ്കൂൾ, ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ, മത്സ്യ ബന്ധന മേഖലയിലെ വികസനം, പട്ടികജാതി ക്ഷേമം, വിദ്യാഭ്യാസം, കലാ സാംസ്‌കാരിക വികസനം എന്നിങ്ങനെ വിവിധ തുറകളിലും സഗ്രമായ വികസനങ്ങളാണ് പഞ്ചായത്ത്‌ നടപ്പിലാക്കിയത്.