വെളിയം ഗ്രാമപഞ്ചായത്ത് അതിദരിദ്രവിമുക്ത ഗ്രാമപഞ്ചായത്തായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. വെളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി എസിന്റെ 27-ാം വാർഷിക പരിപാടിയുടെ ഉദ്ഘാടനവും കെ ആർ ജി പി എം സ്കൂൾ ഗ്രൗണ്ടിൽ നിർവഹിച്ചു.

സംസ്ഥാനത്തെ 64,000 അതിദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണവും താമസവും വരുമാനവും ഉറപ്പാക്കി മുഖ്യധാരയിൽ എത്തിച്ചു. വെളിയം പഞ്ചായത്തിൽ 44 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി സഹായങ്ങൾ ചെയ്തു കൊടുത്തു. വീട് ആവശ്യമുള്ള നാല് ഗുണഭോക്താക്കൾക്ക് നൽകി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള നാലു ഗുണഭോക്താക്കൾക്ക് ഭവനപുനരുദ്ധാരണ പദ്ധതി പ്രകാരം തുക അനുവദിച്ച് പ്രവൃത്തി പൂർത്തിയാക്കി.

മരുന്ന്, പാകം ചെയ്‌ത ഭക്ഷണം, ഭക്ഷണ കിറ്റ് എന്നിവ ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കും.കുടുംബശ്രീ മുഖേന ‘ഉജ്ജീവനം’ പദ്ധതിയിൽ ഉൾപ്പെടുത്തി നാലുപേർക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായം നൽകി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്‌തു.

വീട്ടുപരിസരങ്ങളിൽ നിന്ന് കൃഷിചെയ്ത് വരുമാനം ഉണ്ടാക്കാൻ കഴിയുന്ന അലങ്കാര ചെടികൾ, വിദേശയിന ചെടികൾ മറ്റ് നവീന വിളകളുടെ കൃഷിയിലും അവയുടെ വിപണനത്തിലും കുടുംബശ്രീയുടെ സാന്നിധ്യം വിപുലീകരിക്കണം. വിജ്ഞാനകേരളം പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിലും കുടുംബശ്രീയ്ക്ക് വലിയ പങ്കുണ്ട്. പ്രായോഗിക തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനൊപ്പം പുതിയ സംരംഭങ്ങളിലൂടെ കുടുംബശ്രീ കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത് അധ്യക്ഷനായി. സെക്രട്ടറിയും മെമ്പറുമായ എ അജയ് റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ അഭിലാഷ് ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ സിഡിഎസ് മെമ്പർമാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈൻ കുമാർ സംരംഭകർക്കുള്ള സിഇഎഫ് വിതരണം നടത്തി.

വെളിയം സിഡിഎസ് ചെയർപേഴ്സൺ ഷൈലജ അനിൽ, വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയ രഘുനാഥ്,കൊട്ടാരക്കര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനി ഭദ്രൻ, വെളിയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സോമശേഖരൻ, ജാൻസി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ ആർ.രതീഷ് കുമാർ സിജു തുടങ്ങിയവർ പങ്കെടുത്തു.