* ഗോളടിച്ച് ആഘോഷമാക്കി മന്ത്രി എം.ബി.രാജേഷ്
* കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം

മാലിന്യകൂമ്പാരമായിരുന്ന മലപ്പുറം പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തത് ആഘോഷമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യം സംസ്‌കരിച്ച് വീണ്ടെടുത്ത ഭൂമിയില്‍ ഗോള്‍കീപ്പറായി നിന്ന പി. ഉബൈദുള്ള എം.എല്‍.എ യെ കാഴ്ചക്കാരനാക്കി മന്ത്രി ഷൂട്ടൗട്ടിലൂടെ ഗോള്‍ നേടി. മലപ്പുറം നഗരത്തിലെ മാലിന്യം തള്ളിയിരുന്ന പുളിയേറ്റുമ്മല്‍ ഗ്രൗണ്ട് വീണ്ടെടുത്തത് വഴി 4.5 ഏക്കര്‍ ഭൂമിയാണ് തിരിച്ച് പിടിച്ചത്. മാലിന്യം നീക്കം ചെയ്ത് ഭൂമി തിരിച്ചെടുത്തതിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ജനപത്രിനിധികള്‍കൊപ്പം പന്ത് തട്ടിയത്. മാലിന്യ കൂമ്പാരമില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

മാലിന്യ കൂമ്പാരമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ ആശയമായ ഹരിതകര്‍മസേന ഇന്ന് രാജ്യത്തിന് മാതൃകയാണ്. പുതിയ തലമുറയില്‍ മാലിന്യ സംസ്‌കരണത്തിന്റെയും ശുചിത്വത്തിന്റെയും പാഠം പകര്‍ന്ന് നല്‍കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ശുചിത്വസ്‌കോളര്‍ഷിപ്പ് നല്‍കുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പുളിയേറ്റുമ്മല്‍ ഗ്രീന്‍ബെല്‍റ്റ് പദ്ധതി ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭയിലെ ഹരിതകര്‍മസേനയെ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.ആദരിച്ചു. കെ.എസ്.ഡബ്ല്യൂ.എം.പി. ഡയറക്ടര്‍ ദിവ്യ എസ്.എയ്യര്‍, ജില്ലാ കളക്ടര്‍ വി. ആര്‍.വിനോദ്, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി എന്നിവര്‍ സംസാരിച്ചു.

ലോക ബാങ്കിന്റെയും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് മാലിന്യ കൂനകള്‍ നീക്കം ചെയ്തത്. സംസ്ഥാനത്തെ 20 നഗരഭരണ പ്രദേശങ്ങളിലാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യം പൂര്‍ത്തിയാകുന്നത് മലപ്പുറത്താണ്. നാലടി താഴ്ചയില്‍ മാലിന്യങ്ങള്‍ കുഴിച്ചെടുത്തു വേര്‍തിരിച്ച 10,800 മെട്രിക് ക്യൂബ് മാലിന്യമാണ് വിവിധ ഫാക്ടറികളിലേക്കും നിര്‍മാണ മേഖലയിലേക്കും കയറ്റി അയച്ചത്. വര്‍ഷങ്ങളായി മലപ്പുറം നഗര പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങളായിരുന്നു പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളിയിരുന്നത്. ഈ മാലിന്യങ്ങളെ കമ്പി, മണല്‍, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേര്‍തിരിച്ചാണ് ബയോമൈനിങ് പദ്ധതി പൂര്‍ത്തീകരിച്ചത്. തിരിച്ചെടുത്ത ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്റര്‍, കോര്‍ട്ട്, ടര്‍ഫ് ഗ്രൗണ്ട്, പാര്‍ക്ക്, ഓപ്പണ്‍ ജിം ഉള്‍പ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി.

പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്ഥിരം സമിതി അധ്യക്ഷരായ പരി അബ്ദുല്‍ ഹമീദ്, പി കെ സക്കീര്‍ ഹുസൈന്‍, മറിയുമ്മ ശരീഫ്, സി പി ആയിഷാബി, പി കെ അബ്ദുല്‍ ഹക്കീം, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ കെ ആയിഷാബി ഉമ്മര്‍, കെ.എസ്.ഡബ്ല്യൂ.എം.പി. ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി എല്‍. പ്രമീള, അസി. ഡയറക്ടര്‍ ബീന എസ്.കുമാര്‍, എല്‍.എസ്.ജി.ഡി. അസി. ഡയറക്ടര്‍ പി.ബി. ഷാജു, പ്ലാനിങ് ഓഫീസര്‍ എന്‍.കെ.മുഹമ്മദ് അനസല്‍, നഗരസഭ സെക്രട്ടറി കെ. സുധീര്‍, എല്‍.എസ്.ജി.ഡി.എക്‌സി. എഞ്ചിനീയര്‍ മിത വി.ധരണ്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. സിറാജുദ്ദീന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. പി.സീമ, കുടുംബശ്രീ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, മാലിന്യമുക്ത കേരളം ജില്ലാ സെക്രട്ടറിയേറ്റ് കോഡിനേറ്റര്‍ ബീന സണ്ണി, കില ഫെസിലിറ്റേറ്റര്‍ എ.ശ്രീധരന്‍, പി.എസ്. വരുണ്‍, എല്‍.ദേവിക, കെ.എസ്.ഡബ്ല്യൂ.എം.പി എഞ്ചിനീയര്‍ വിഷ്ണു ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു.