കേരള സംസ്ഥാന ശിശുക്ഷേമ സമിതി കേരളസർക്കാരിന്റെ അനുമതിയോടെ നവംബർ 14 ശിശുദിനം 2025ന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പിന്റെ ചിത്രരചന ക്ഷണിച്ചു. ‘സനാഥ ബാല്യം-സംരക്ഷിത ബാല്യം’ എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർകളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. 15×12 സെന്റീമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്. സ്റ്റാമ്പിന്റെ വലിപ്പമായ 5×4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ വ്യക്തമാകുന്ന തരത്തിൽ പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവ്വഹിക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി നവംബർ 14-ന് ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ ആദരിക്കും. ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റേയും വിദ്യാർത്ഥിയുടെ വീടിന്റേയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം.
ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരളസംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽമാർഗ്ഗമോ നേരിട്ടോ 2025 ഒക്‌ടോബർ 31 വരെ എത്തിക്കാവുന്നതാണ്. കവറിനു പുറത്ത് ശിശുദിനസ്റ്റാമ്പ്-‘സനാഥ ബാല്യം-സംരക്ഷിത ബാല്യം’ എന്ന് രേഖപ്പെടുത്തണം.
