കൈത്തറി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാനതല കൈത്തറി കോണ്‍ക്ലേവ് ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കും. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. സമാപന സമ്മേളനം വൈകീട്ട് മൂന്ന് മണിക്ക് നിയമസഭാ സ്പീക്കര്‍ അഡ്വ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കയറ്റുമതിക്കാര്‍, കൈത്തറി സഹകരണ സംഘം പ്രതിനിധികള്‍, കൈത്തറിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ആയിരത്തോളം തൊഴിലാളികള്‍ എന്നിവരും കോണ്‍ക്ലേവിന്റെ ഭാഗമാകും.

കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് മേഖലയെ കാലോചിതമായി ശക്തിപ്പെടുത്തുന്നതിനും, തൊഴിലാളികളുടെ ഭാരം ലഘൂകരിച്ചുകൊണ്ട് ഈ മേഖലയിലെ ഉത്പാദനം, വിപണനം എന്നിവ വര്‍ധിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധ സമിതി തയ്യാറാക്കിയ റിപോര്‍ട്ടിന്റെ കരട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. ഇതിന്മേല്‍ കൈത്തറി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കൈത്തറി തൊഴിലാളികള്‍, എക്സ്പോട്ടേഴ്സ് എന്നിവരടങ്ങിയ പാനല്‍ ഈ മേഖലയുടെ വികസനത്തിനായി ചര്‍ച്ചയിലൂടെ അന്തിമരൂപം നല്‍കും. ‘കൈത്തറി പുതിയ കാലവും ആധുനിക സമീപനവും’, ‘കൈത്തറി മേഖല; വെല്ലുവിളികളും ബദല്‍ മാര്‍ഗങ്ങളും’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കും.