നഗരസഭയുടെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് നിലമ്പൂര്‍ നഗരസഭയുടെ വികസന സദസ് ശ്രദ്ധേയമായി. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം സദസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് നഗരസഭ അതിജീവിച്ചത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണകൊണ്ടാണ്. നഗരസഭയെ വയോജന സൗഹൃദമാക്കാന്‍ പകല്‍ വീടുകള്‍ നിര്‍മിക്കാന്‍ സാധിച്ചു. ഭിന്നശേഷിക്കാര്‍ക്കായി പ്രിവിലേജ് കാര്‍ഡ് നല്‍കുകയും പുതിയ മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാനും ഈ ഭരണസമിതിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നും (തിങ്കള്‍) നാളെയുമായാണ് (ചൊവ്വ) വികസന സദസ് നിലമ്പൂരില്‍ നടക്കുന്നത്. അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ പി.എച്ച്.ഐ.കെ.പി സലീം നഗരസഭ വികസന രേഖ അവതരിപ്പിച്ചു. പറപ്പൂര്‍ നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷൈനി ടീച്ചര്‍, കേരള മുസ്ലീം ജമാത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീര്‍ ഫൈസി എന്നിവര്‍ മുഖ്യാതിഥികളായി. സ്ഥിരം സമിതി ചെയര്‍മാന്മാരായ പി.എം. ബഷീര്‍, കാക്കാടന്‍ റഹീം, യു.കെ. ബിന്ദു, വി.ആര്‍. സൈജിമോള്‍, സ്‌കറിയ കിനാംതോപ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നിലമ്പൂര്‍ നഗരസഭ സെക്രട്ടറി ഫിറോസ് ഖാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.