ലൈഫ് പദ്ധതി വഴി 85 ഭവനങ്ങൾ പൂർത്തീകരിച്ചു

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ അഞ്ചു വർഷങ്ങളില്‍ 16.9 കോടി രൂപ ചെലവിൽ 611 പദ്ധതികൾ പഞ്ചായത്തില്‍ പൂർത്തിയാക്കിയതായി ആലാ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ആലാ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സിലാണ് പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്. ലൈഫ് ഭവന പദ്ധതി വഴി 85 ഭവനങ്ങൾ പൂർത്തീകരിച്ച് നൽകി. 48 ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കോടുകുളഞ്ഞി ഗ്രേസ് ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ നിന്നും 46 അതിദരിദ്രരെ കണ്ടെത്തുകയും ആവശ്യമുള്ള സേവനങ്ങൾ നൽകി അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുകയും ചെയ്തു. ഡിജി കേരളം പദ്ധതിയിലൂടെ 202 പേരെ കണ്ടെത്തി പരിശീലനം നൽകി ആലാ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിൽ 1.17 കോടി ചെലവില്‍ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും മരുന്നുകളടക്കം വിതരണം ചെയ്യുകയും ചെയ്തു. പൂമലച്ചാൽ ടൂറിസം പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പശ്ചാത്തല വികസനങ്ങളിൽ വിവിധ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി നാല് കോടി രൂപയിലധികം ചെലവഴിക്കാൻ കഴിഞ്ഞു. പാലിയേറ്റീവ് കെയർ പദ്ധതിയിൽ അഞ്ചുവർഷത്തിനിടെ 25 ലക്ഷം രൂപയിലധികം പഞ്ചായത്ത് ചെലവഴിച്ചു. 2024-25 പദ്ധതിയിൽ 240 രോഗികൾക്ക് സേവനം ലഭിക്കുന്നുണ്ട്. മാലിന്യ സംസ്കരണത്തില്‍ മുന്നിലുള്ള പഞ്ചായത്തില്‍ ഹരിതകർമ്മസേന 40 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കയറ്റി അയച്ചത്.
സദസ്സില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിൽഷാദ് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ പഞ്ചായത്തിന്റെ വികസന രേഖ പ്രകാശനം ചെയ്തു. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ മുരളീധരൻ പിള്ള പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ഡി രാധാകൃഷ്ണക്കുറുപ്പ് ഓപ്പൺ ഫോറം നയിച്ചു. സദസ്സിൽ 260 ഓളം പേർ പങ്കെടുത്തു.

ചടങ്ങിൽ ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻ പിള്ള അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൽസി വർഗീസ്, ആലാ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധാമണി, ബിനി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സുധ ഷാജി, സിഡിഎസ് ചെയർപേഴ്സൺ ലില്ലിക്കുട്ടി, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.