പഴയകാലത്തെ അനുസ്മരിപ്പിക്കുംവിധം തലശ്ശേരി നഗരത്തിലൂടെ തള്ള് വണ്ടി നീങ്ങിയപ്പോള്‍ ആളുകളെല്ലാം ഒരുവേള അമ്പരന്നു. വാദ്യമേളത്തിന്റെ അകമ്പടിയോടെ സിനിമാ പോസ്റ്ററുകള്‍ വിതരണം ചെയ്തുകൊണ്ട് പഴയകാല സിനിമ പ്രചരണത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ കാഴ്ച. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥമാണ് തള്ള് വണ്ടിയാത്ര സംഘടിപ്പിച്ചത്.
ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഒക്ടോബര്‍ 16 ന് വൈകുന്നേരം അഞ്ച് മണിക്ക് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖതാരങ്ങള്‍ സംവദിക്കും. മേളയില്‍ അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 31 ഇന്റര്‍നാഷണല്‍ സിനിമകളും 10 ഇന്ത്യന്‍ സിനിമകളും 14 മലയാള സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാര്‍ഥികള്‍ക്ക് 177 രൂപയുമാണ്.
സംഘാടക സമിതി കണ്‍വീനര്‍മാരായ പ്രദീപ് ചൊക്ലി, കെ എസ് എഫ് ഡി സി അംഗം ജിത്തു കോളയാട്, ക്യാമറാമാന്‍ വേണുഗോപാല്‍, പുകസ സംസ്ഥാന കമ്മിറ്റി അംഗം ടി.എം ദിനേശ്, കെ ബീന, സി പി വീണ, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ഷാജി, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
