തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കൂടി പൂര്‍ത്തിയായി. കുഴല്‍മന്ദം, ചിറ്റൂര്‍, അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി ആണ് നറുക്കെടുപ്പ് നിര്‍വ്വഹിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച നടപടികള്‍ ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിച്ചു.

കുഴല്‍മന്ദം ബ്ലോക്കിലെ കോട്ടായി, കുത്തനൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, പെരുങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, കണ്ണാടി ഗ്രാമപഞ്ചായത്തുകളിലെയും ചിറ്റൂര്‍ ബ്ലോക്കിലെ എലപ്പുള്ളി, പൊല്‍പ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി തുടങ്ങിയ പഞ്ചായത്തുകളിലെയും അട്ടപ്പാടി ബ്ലോക്കിലെ അഗളി, പുതൂര്‍, ഷോളയൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളാണ് നറുക്കെടുത്തത്. പ്രസ്തുത ബ്ലോക്കുകളുടെ പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും നറുക്കെടുപ്പില്‍ പങ്കെടുത്തു.