വിവിധ മേഖലകളിലെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് തെന്നല ഗ്രാമപഞ്ചായത്ത്. ഉല്‍പാദന മേഖല, ആരോഗ്യ മേഖല, മാലിന്യനിര്‍മ്മാര്‍ജനം, പശ്ചാത്തല മേഖല തുടങ്ങിയവയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. ഇരുപത് കോടിയിലധികം മൂല്യമുള്ള വിവിധ ഉത്പാദന സേവന പശ്ചാത്തല മേഖലകളിലെ നേട്ടങ്ങളാണ് തെന്നല ഗ്രാമപഞ്ചായത്ത് പ്രദേശവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ളത്.

ദാരിദ്ര്യരേഖക്ക് താഴെയുള്ള എഴുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതി മുഖേന വീടെന്ന സ്വപ്നം പൂവണിയിക്കാനായി ഗ്രാമപഞ്ചായത്തിന് ഒപ്പം നില്‍ക്കാനും കൈത്താങ്ങാകാനും സാധിച്ചിട്ടുണ്ട്. 150 ലധികം വീടുകള്‍ക്ക് അറ്റകുറ്റപ്പണികളിലൂടെ സുരക്ഷിത ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനും കഴിഞ്ഞു. ഇത്തരത്തില്‍ ദാരിദ്ര്യ ലഘൂകരണ മേഖലയില്‍ മാത്രം 4.2 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കിയിട്ടുള്ളത്.

ഉല്‍പാദന മേഖലയിൽ രണ്ടരക്കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളില്‍ വലിയ ഉണര്‍വേകാന്‍ സാധിച്ചത് വലിയ നേട്ടമാണ്. നെല്ല്, പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തിന് പ്രാദേശികമായി പ്രോത്സാഹനമേകാനും സാധിച്ചിട്ടുണ്ട്.

ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായ 1.7 കോടി രൂപ അനുവദിച്ച് അലോപ്പതി, ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളില്‍ മരുന്ന് ലഭ്യത, ഹോംകെയര്‍, രോഗപ്രതിരോധ കുത്തിവെപ്പുകള്‍ തുടങ്ങിയവ വിജയകരമായി നടപ്പാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം തയ്യാറായിട്ടുള്ളതിനാല്‍ ലാബ് സൗകര്യവും ഇനിമുതല്‍ ലഭ്യമാകും. കൂടാതെ കൊടക്കല്ല് ഭാഗത്ത് പുതിയ സബ് സെന്ററും നിലവില്‍ വന്നിട്ടുണ്ട്. അതിനോടൊപ്പം ഹോംകെയര്‍ സൗകര്യവും സാന്ത്വന ചികിത്സയും നല്‍കുന്നുണ്ട്.

വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും വനിതകള്‍ക്കും മാത്രമായി സാമൂഹ്യക്ഷേമ മേഖലയില്‍ ഒന്നരക്കോടിയുടെ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും അംഗനവാടി വഴി പോഷാകാഹാര ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. അനുപൂരക പോഷകാഹാര പരിപാടിക്ക് ഒന്നേമുക്കാല്‍ കോടി അനുവദിച്ചതിലൂടെ പോഷകാഹാര ലഭ്യതക്ക് വലിയ കൈത്താങ്ങാകാന്‍ സാധിച്ചു.

യുവത്വത്തെ അവരുടെ മാനസികോല്ലാസത്തിനായി കലാകായിക മേളകള്‍ സംഘടിപ്പിച്ച് അതില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത് മുന്നിട്ടിറങ്ങി. കേരളോത്സവം പഞ്ചായത്തിന്റെ മുഖ്യ ആകര്‍ഷക ഇനങ്ങളിലൊന്നാണ്.

മാലിന്യ മുക്ത നവകേരളവുമായി ബന്ധപ്പെട്ട്, ഹരിതകര്‍മ്മസേന മുഖേന 2023 മുതല്‍ അജൈവ മാലിന്യങ്ങള്‍ വാതില്‍പടി ശേഖരണം വഴി നാളിതുവരെ മുന്നൂറിലധികം ടണ്‍ അജൈവ മാലിന്യങ്ങള്‍ സംസ്‌കരണത്തിനും പുനചംക്രമണത്തിനുമായി നല്‍കുവാനും സാധിച്ചിട്ടണ്ട്. സമീപ ഭാവിയില്‍ത്തന്നെ ഇ-വേസ്റ്റ് മാലിന്യങ്ങളും ഡയപ്പറുകള്‍ പോലെയുള്ള അജൈവമാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിക്കുന്നതിന് സംവിധാനം ഒരുക്കി. പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം മറ്റ് ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണയായി ബയോബിന്‍, റിങ്ങ് കമ്പോസ്റ്റ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവയും നല്‍കി വരുന്നുണ്ട്.

ഭിന്നശേഷിക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 22 സെന്റോളം ഭൂമി സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാര്‍ജ്ജനത്തിനായി മാത്രം അറുപത് ലക്ഷം രൂപ ഉപയോഗിച്ച് പ്രൊജക്ട് എന്നിങ്ങനെ പഞ്ചായത്ത് വികസനമേഖലകളില്‍ മുന്നേറുകയാണ്.

കോഴിച്ചെന ലൈവ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി തെന്നല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍ ഉദ്ഘാടനം ചെയ്തു. ലൈഫ്, ആര്‍ദ്രം, അതിദാരിദ്ര നിര്‍മാര്‍ജനം, കായികമേഖല, പൊതുവിദ്യാഭ്യാസം, അടിസ്ഥാന സ്വകര്യ വികസനം എന്നിവയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും ഇരുപത് കോടിയിലധികം മൂല്യമുള്ള വിവിധ ഉത്പാദന സേവന പശ്ചാത്തല മേഖലകളിലെ നേട്ടങ്ങളാണ് തെന്നല ഗ്രാമപഞ്ചായത്ത് പ്രദേശവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനവും നടന്നു. തെന്നല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. സുലൈഖ, വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവര്‍ പങ്കെടുത്തു.