സമഗ്രപുരോഗതി സാധ്യമാക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ് കുട്ടനാട് മണ്ഡലത്തിൽ നടക്കുന്നതെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കൈനകരി പഞ്ചായത്ത് വികസന സദസ്സ് 22-ാം നമ്പർ എസ്എൻഡിപി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. കൈനകരിയിൽ ചാവറ ഭവൻ-ചാലേച്ചിറ റോഡിൻ്റെ നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചെന്നും 25.18 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് റോഡ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടയ്ക്കൽ – ചാവറ ഭവൻ റോഡിൻ്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചാലേച്ചിറ തോടിന് കുറുകെയുള്ള പാലം നിർമ്മാണം ആരംഭഘട്ടത്തിലാണെന്നും ചാലേച്ചിറ മുതൽ മൂന്നാറ്റിൻമുഖം വരെയുള്ള റോഡ് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു. ‘കതിർ’ എന്ന് പേരിട്ട പഞ്ചായത്ത് വികസന രേഖയുടെ പ്രകാശനവും എംഎൽഎ നിർവഹിച്ചു.

ലൈഫ് മിഷനിലൂടെ 305 കുടുംബങ്ങൾക്ക് വീട് നൽകിയതായും പഞ്ചായത്തിലെ നാല് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ സേവനം നൽകി പഞ്ചായത്തിനെ അതിദരിദ്ര മുക്തമാക്കിയതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്തിലെ 784 പഠിതാക്കളുടെ ഡിജിറ്റൽ പഠനം പൂർത്തീകരിച്ചു.

ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. സെക്രട്ടറി ജി ടി അഭിലാഷ് പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രസീദ മിനിൽ കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, ഷീലാ സജീവ്, സബിത മനു, പഞ്ചായത്തംഗംങ്ങളായ എ ഡി ആന്റണി, കവിത സാബു, ഗിരിജ ബിനോദ്, ലീനാമോൾ ബൈജു, ശാലിനി ലൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ് സുധിമോൻ, സിഡിഎസ് ചെയർപേഴ്സൺ തങ്കമണി, ഹരിത കർമസേനാംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.