മമ്പാട് ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കി മമ്പാട് വികസന സദസ്. കാട്ടുമുണ്ട തോട്ടത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി വിജ്ഞാന കേരളം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. പി. സരിന്‍ ഉദ്ഘാടനം ചെയ്തു.
മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസന്‍ വികസന റിപ്പോര്‍ട്ട് പ്രകാശനവും അവതരണവും നിര്‍വഹിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മമ്പാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം.ടി. അഹമ്മദ്, എക്‌സ് സബ് മേജര്‍ മുഹമ്മദ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സണ്‍സി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്ക് ഭൂമി വിട്ടു നല്‍കിയവരെയും ഹരിത കര്‍മ്മ സേന അംഗങ്ങളെയും പരിപാടിയില്‍ ആദരിച്ചു.
⭕മമ്പാട് ഗ്രാമ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 863 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ നല്‍ക്കുകയും ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള ക്ഷാമം മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞു. മാലിന്യ സംസ്‌കരണം, കൃഷി എന്നീ മേഖലയിലും നിരവധി പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് ചെയ്തത്. മൃഗസംരക്ഷണ വിഭാഗത്തില്‍ വെറ്ററിനറി ഉപകേന്ദ്രം നിര്‍മ്മിക്കുകയും കുടുംബശ്രീയെ മികച്ച സി ഡി എസ് യൂണിറ്റാക്കി മാറ്റാന്‍ സാധിക്കുകയും ചെയ്തു. കിഫ്ബി ഫണ്ടിലുള്‍പ്പെടുത്തി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ ക്ലാസ്‌റൂം ആകാനും സാധിച്ചു. പരിപാടിയില്‍ മമ്പാട് കുടുംബശ്രീ യൂണിറ്റിന്റെ വിവിധ രുചി കൂട്ടുകളുടെ പ്രദര്‍ശനവും ജന ശ്രദ്ധയാകര്‍ഷിച്ചു.
