ആലപ്പുഴ ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളും വിപ്ലവകരമായ നേട്ടങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. മുളക്കുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സിസി പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാന തലത്തിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷം നൂറ് ശതമാനം തുകയും ചെലവഴിച്ച പഞ്ചായത്തായി ജില്ലയിലെ പഞ്ചായത്തുകൾക്ക് മാറാൻ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 52 കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കിയതായി സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി കുടുംബങ്ങളുള്ള പഞ്ചായത്തായ മുളക്കുഴയിൽ പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്കായി 6.02 കോടി രൂപ ചെലവഴിച്ചു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 1064 പഠിതാക്കളെ കണ്ടെത്തി മുഴുവൻ പേർക്കും പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായി 40 ലക്ഷം രൂപയിലധികം ചെലവഴിച്ചു. 6.1 കോടി രൂപ വകയിരുത്തി ലൈഫ് ഉൾപ്പെടെ ഭവന നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. 36 അംഗങ്ങളുള്ള ഹരിതകർമ്മസേന 18 വാർഡുകളിലും മിനി എംസിഎഫ് സ്ഥാപിച്ചു. മാലിന്യമുക്ത നവ കേരളത്തിൽ ചെങ്ങന്നൂർ ബ്ലോക്കിലെ മികച്ച ശുചിത്വ ഗ്രാമപഞ്ചായത്തായി
മുളക്കുഴ മാറിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. സദസ്സിൽ മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ അധ്യക്ഷനായി. കോ ഓർഡിനേറ്റർ എസ് വീണ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ വി അജികുമാർ പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു.
