സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും പൊതുജനാഭിപ്രായങ്ങൾ സ്വരൂപിക്കുവാനും ചേപ്പാട് ഗ്രാമപഞ്ചാത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. നങ്ങ്യാർകുളങ്ങര ഭുവി കൺവെൻഷൻ സെന്ററിൽ നടന്ന സദസ്സിൽ ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അധ്യക്ഷനായി.
155 കുടുംബങ്ങൾക്കാണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പൂർത്തീകരിച്ചു നൽകിയത് എന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കി. 619 കിടപ്പ് രോഗികൾക്ക് സാന്ത്വനപരിചന പദ്ധതിയിൽ ഉൾപ്പെടുത്തി പരിചരണം നൽകിവരുന്നു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ 35 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കി. ഡിജി കേരളത്തിലൂടെ ഇവാലുവേഷൻ 100% വും വിജയകരമായി പൂർത്തിയാക്കിയവരാണ് പഞ്ചായത്തിൽ ഉള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്കരണം, വയോജന സംരക്ഷണം, പട്ടികജാതി ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് പഞ്ചായത്ത് കാഴ്ചവയ്ക്കുന്നത് എന്ന് സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിലൂടെ അറിയിച്ചു.
ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ ശോഭ, കെ ജി സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഡി കൃഷ്ണകുമാർ, എസ് വിജയകുമാരി, കെ വിശ്വപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ജി മനോജ്, അസിസ്റ്റന്റ് സെക്രട്ടറി എം സന്തോഷ് കുമാർ, റിസോഴ്സ് പേഴ്സൺ ജി വിനോദ് കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി സുരേന്ദ്രൻ, ആസൂത്രണ സമിതി അംഗവും കില ഫാക്കൽറ്റിയുമായ എം വി രവീന്ദ്രനാഥ്, പഞ്ചായത്ത് അംഗങ്ങളായ തങ്കമണി വിജയൻ, സനിൽകുമാർ, ഷൈനി, ഐ തമ്പി, ബിന്ദു ശിവാനന്ദൻ, ടി തുളസി, ഹരിത കർമ്മ സേനാഗംങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
