അരൂർ മണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷത്തിൽ റോഡ് നിർമാണത്തിനായി മാത്രം സർക്കാർ അനുവദിച്ചത് കോടികളാണെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. കോടംതുരുത്ത് പഞ്ചായത്ത് വികസന സദസ്സ് കുത്തിയതോട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. 10 കോടിയുടെ ബിഎം ആൻഡ് ബിസി റോഡുകളും 7.5 കോടി ചെലവഴിച്ച് 28 ഗ്രാമീണ റോഡുകളും 15 കോടി രൂപ മുടക്കി മറ്റ് റോഡുകളും മണ്ഡലത്തിൽ നിർമ്മിച്ചു. ഈ വികസനങ്ങളെല്ലാം കൺമുന്നിൽ പ്രകടമാണെന്നും എംഎൽഎ പറഞ്ഞു.
ലൈഫ് മിഷൻ വഴി 57 വീടുകള്‍ പൂര്‍ത്തിയാക്കിയതായും 37 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഭവന, ഭൂരഹിതരായ 89 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് വെച്ചുനൽകി. ഡിജി കേരളം പദ്ധതിയിലൂടെ 1287 പഠിതാക്കളുടെ പരിശീലനം പൂര്‍ത്തീകരിച്ചു. മാലിന്യ നിര്‍മാര്‍ജന രംഗത്ത് 100 ശതമാനം വാതില്‍പ്പടി ശേഖരണം നടപ്പാക്കി. 30 ഹരിത കര്‍മ്മസേനാഗംങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് പരിധിയില്‍ ഒരു എം.സി.എഫ്, 45 മിനി എം.സി.എഫുകൾ എന്നിവ പ്രവര്‍ത്തിക്കുന്നു. കൂടാതെ പൊതുസ്ഥലങ്ങളിൽ 20 ബിന്നുകൾ, 17 ബോട്ടിൽ ബൂത്തുകൾ എന്നിവയും സ്ഥാപിച്ചു.
പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ 294 രോഗികള്‍ക്ക് സൗജന്യ മരുന്നുകളും ചികിത്സ സഹായങ്ങളും നൽകിവരുന്നു. ജനകീയ ഹോട്ടൽ, ‘മരത്തണൽ’ കോഫി ഷോപ്പ്, വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം, കൗമാര കുട്ടികൾക്കുള്ള മാനസികാരോഗ്യ പരിരക്ഷ പദ്ധതിയായ ‘ചങ്ക്സ്’, കുടുംബശ്രീ പൂ കൃഷി തുടങ്ങിയ നിരവധി സാമൂഹ്യ പദ്ധതികള്‍ നടപ്പാക്കി. ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ, പാലിന് സബ്സിഡി, ജൈവവളം, കന്നുകാലി വിതരണം തുടങ്ങി നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതായും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി ജയകുമാർ അധ്യക്ഷനായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
