ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം ഗ്രാമപഞ്ചായത്തുകളാണെന്ന് എം.എം മണി എംഎല്‍എ. കരുണാപുരം ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. നമ്മുടെ സംസ്ഥാനം എല്ലാ മേഖലയിലും വലിയ പുരോഗതി കൈവരിച്ചു. മാറി മാറി വന്ന സര്‍ക്കാരുകളാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് സംസ്ഥാനത്തും ഇടുക്കി ജില്ലയില്‍ പൊതുവിലും ഉടുമ്പന്‍ചോല മണ്ഡലത്തിലും റോഡ് നിര്‍മ്മാണ രംഗത്ത് അടക്കം അടിസ്ഥാന വികസനത്തില്‍ വലിയ മാറ്റമുണ്ടായതായും എംഎല്‍എ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ വികസനം ഉറപ്പാക്കുകയാണ് വികസന സദസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടാര്‍ എസ്എന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സദസില്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിന്‍സി വാവച്ചന്‍ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.