പശ്ചാത്തല സേവന മേഖലകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. പീടികക്കണ്ടിയിലെ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ഹര്‍ ഘര്‍ ജല്‍ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താവാന്‍ മുതുവല്ലൂരിന് സാധിച്ചു. മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടം നിര്‍മിച്ചു, പഞ്ചായത്തിലെ പരിരക്ഷാ യൂണിറ്റ് രണ്ടാക്കി ഉയര്‍ത്തി, സബ് സെന്ററുകള്‍ക്ക് കെട്ടിടം സ്ഥാപിച്ചു. ഹരിത കര്‍മ സേനക്ക് വാഹനം വാങ്ങി നല്‍കി. ലൈഫ്, പിഎം.എ.വൈ പദ്ധതിയിലൂടെ പഞ്ചായത്തിലെ നിരവധിയാളുകളുടെ വീടെന്ന സ്വപ്നം നടപ്പാക്കി.
പഞ്ചായത്ത് മീറ്റിംഗ് ഹാളും കോണ്‍ഫറന്‍സ് ഹാളും നവീകരിച്ചു. ബഡ്സ് സ്‌കൂള്‍, ഹോമിയോ ആശുപത്രി എന്നിവ നേടിയെടുക്കാന്‍ ഭരണസമിതിയുടെ കാലയളവില്‍ സാധിച്ചു. പഞ്ചായത്തിലെ 90 ശതമാനം റോഡുകളും നവീകരിച്ചു. വാടകക്കെട്ടിടത്തില്‍ ആയിരുന്ന അങ്കണവാടികള്‍ക്കും എം.സി.എഫിനും സ്വന്തം കെട്ടിടമൊരുക്കി.
പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ മുംതാസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.ടി. അഷ്റഫ് അലി ഭരണ സമിതി നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ കെ. അനില്‍കുമാര്‍ വികസനം സദസ് സംബന്ധിച്ച് വിശദീകരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു അക്കരപ്പറമ്പില്‍ സ്വാഗതവും ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.സി. അഷ്റഫ് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് അംഗം മുജീബ് റഹ്മാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി. മുഹമ്മദ്, സലാം മാസ്റ്റര്‍, സക്കീര്‍, അസ്ലം ഷേര്‍ഖാന്‍, കെ.കെ. മുഹമ്മദ് എ.ടി. അബ്ദുല്‍ കരീം, കരീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ വീഡിയോ പ്രദര്‍ശനവും നടത്തി. പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
