കേരളത്തിലെ അങ്കണവാടികൾ ദേശീയ നിലവാരത്തെക്കാൾ മികച്ചതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കരുനാഗപ്പള്ളി നഗരസഭ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൗൺസിലർ ബിന്ദു അനിൽ കെട്ടിടത്തിനായി മൂന്ന് സെൻറ് സ്ഥലം നൽകിയത് അഭിനന്ദനീയമാണ്. ഭൂരിഭാഗം അങ്കണവാടികൾക്കും ഇപ്പോൾ സ്വന്തം കെട്ടിടമുണ്ട്. മെച്ചപ്പെട്ടതും നവീകരിച്ചതുമായ ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, ശീതീകരിച്ച സ്കൂൾ ക്ലാസ് മുറികൾ, സ്മാർട്ട് അങ്കണവാടികൾ തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും സംസ്ഥാനത്ത് ലഭ്യമാണ്. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ഒട്ടേറെ സാമൂഹിക ക്ഷേമ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കരുനാഗപ്പള്ളി നഗരസഭ 20-ാം ഡിവിഷനിലെ 50-ാം നമ്പർ അങ്കണവാടിക്കാണ് ഹൈടെക് കെട്ടിടം നിർമിച്ചത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയും വനിത ശിശു വികസന വകുപ്പിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപയും വിനിയോഗിച്ചായിരുന്നു നിർമ്മാണം. മുൻസിപ്പൽ എൻജിനീയർ എം കെ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.
