കോട്ടയം കരീമഠം ഗവൺമെന്റ് വെൽഫെയർ യു.പി സ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തറക്കല്ലിട്ടു. മൂന്നു മാസത്തിനുള്ളിൽ നിർമാണം പൂർത്തികരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവന്റെ എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 62 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. 1069 ചതുരശ്ര അടിയിൽ രണ്ടു ക്ലാസ് മുറികളോടെയാണ് കെട്ടിടം നിർമിക്കുന്നത്.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ. വാസു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി തോമസ്, പ്രഥമാധ്യാപിക പി.പി. ഉഷ, പി.ടി.എ. ഭാരവാഹികളായ മായാ ബിജു, ശിൽപ്പ മനോജ് എന്നിവർ പങ്കെടുത്തു.
