പൂമംഗലം കോടിലേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പാലങ്ങൾ നാടിൻ്റെ ചരിത്രത്തെ മാറ്റുന്നവയാണെന്നും അതിനാൽ പാലങ്ങളുടെ നിർമാണത്തിനായി സർക്കാർ പ്രത്യേക സംവിധാനം രൂപീകരിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി പാലങ്ങൾ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.
4.5 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. 11.5 മീറ്റർ നീളമുള്ള രണ്ട് സ്പാനും 13.മീറ്റർ നീളമുള്ള ഒരു സ്പാനും ഉൾപ്പെടെ ആകെ 37.5 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഇരുഭാഗങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയുൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. പാലത്തിന്റെ പൂമംഗലം ഭാഗത്ത് 190 മീറ്റർ നീളത്തിലും കൊടിലേരി ഭാഗത്ത് 120 മീറ്ററുമായി രണ്ട് അനുബന്ധ റോഡുകളുമുണ്ട്. കൂടാതെ ആവശ്യമായ ഇടങ്ങളിൽ കരിങ്കൽ പാർശ്വഭിത്തിയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പാലം യാഥാർത്ഥ്യമായതോടെ പൂമംഗലം ഭാഗത്തുനിന്ന് പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, ആയുർവേദ ആശുപത്രി, വില്ലേജ് ഓഫീസ് തുടങ്ങിയവയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ മുഖ്യാതിഥിയായി. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി എം സീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം സബിത, പി.പി ഷനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.പി പ്രസന്ന, പി ലക്ഷ്മണൻ, സി അനിത, പഞ്ചായത്തംഗം കെ ശശിധരൻ, എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ജി വിശ്വപ്രകാശ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
