*ലോകഭിന്നശേഷി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
ഭിന്നശേഷിക്കാർക്ക് അവസരസമത്വവും തുല്യപങ്കാളിത്തവും ഉറപ്പാക്കുകയാണ് പ്രധാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണസംവിധാനം നിസ്സംഗത പുലർത്തിയാൽ ഈ വിഭാഗം അക്ഷരാർഥത്തിൽ പുറകോട്ടുപോവും. അത് സംഭവിക്കാതിരിക്കാൻ ഇവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിജെടി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാർക്ക് അവസരവും മികച്ച വിദ്യാഭ്യാസവും ഉറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അവരുടെ കുറവുകളെക്കുറിച്ച് ഓർമിപ്പിക്കാൻ എല്ലാവരുമുണ്ടാവും. എന്നാൽ അവരുടെ കഴിവുകൾ ആവർത്തിച്ചുപറയേണ്ടതുണ്ട്. അത്തരത്തിൽ ആത്മവിശ്വാസം നൽകുന്ന തരത്തിൽ കഴിവുകളെ ഉയർത്തുകയാണ് വേണ്ടത്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്കെത്തിക്കുന്നതി നും പൊതുവായ അവബോധം ഉണ്ടാക്കുന്നതിനും ഇത്തരം പരിപാടികൾ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലാസ്മുറിയിലെ പാർശ്വവത്കരണം ഇല്ലാതായാൽ സമൂഹത്തിലെ പാർശ്വവത്കരണവും ഇല്ലാതാവുമെന്ന് അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. സമൂഹത്തിലെ എല്ലാവരുടെയും സർഗശേഷി വികസിപ്പിക്കാനായാൽ അത് മനോഹരമായ സമൂഹമാവും. അത്തരത്തിൽ ലോകത്തിന്റെ നെറുകയിലേക്കെത്താനാണ് കേരളത്തിന്റെ ശ്രമം. എല്ലാ കുട്ടികളുടെയും എല്ലാ കഴിവുകളും വികസിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്. അതിനാലാണ് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പ്രസക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, നവകേരള കർമപദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സിനിമാതാരം ജോബി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുദർശനൻ.സി, കൗൺസിലർ ഐഷാ ബേക്കർ, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച റിസോഴ്‌സ് അധ്യാപകർക്കുള്ള അവാർഡ് വിതരണം മുഖ്യമന്ത്രി നിർവഹിച്ചു. മികവ് തെളിയിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികളായ നന്ദിത, മേധജ് കൃഷ്ണ (അയ്യപ്പൻ അടൂർ) എന്നീ വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിദ്യാഭ്യാസ മന്ത്രി നൽകി. മികവ്-2018 എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും നടന്നു.