ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികാരോഗ്യനില മെച്ചപ്പെടുത്തുന്നതിൽ ഹോർട്ടികൾച്ചറൽ തെറാപ്പിക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കൃഷിമന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ. സംസ്ഥാന ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുമായി യോജിച്ച് സർക്കാരിന്റെ പദ്ധതിയായി ഇതിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹോർട്ടികൾച്ചറൽ തെറാപ്പിയിലൂടെ കുട്ടികളുടെ വ്യക്തിവികാസം എന്ന പേരിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പും വെളളായണി കാർഷിക സർവകലാശാല കമ്മ്യൂണിറ്റി സയൻസ് വകുപ്പും സംയുക്തമായി  ലോക ഭിന്നശേഷി ദിനം, ദേശീയ കാർഷിക വിദ്യാഭാസ ദിനം എന്നിവയോടനുബന്ധിച്ചാണ്് പരിപാടി സംഘടിപ്പിച്ചത്.
ആഗോളവത്കരണം കർഷകനെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തിൽ കൃഷിയെ മാറ്റിനിർത്തി സംരക്ഷിക്കുന്ന നയം സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കാർഷികവിളകളുടെ പരിപാലനം മാത്രമല്ല ആരോഗ്യപരിപാലനം കൂടി കൃഷി വകുപ്പിന്റെ പരിഗണനയിലുണ്ട്. ഭക്ഷ്യസുരക്ഷ എന്നത് ഉത്പാദന വർധനവിലൊതുങ്ങാതെ സുരക്ഷിത ഭക്ഷണത്തിലേക്കും മാറേണ്ടതുണ്ട്. കൃഷിവകുപ്പിന്റേയും കാർഷിക സർവകലാശാലയുടേയും ജൈവകാർഷിക നയം ശാസത്രവിരുദ്ധമല്ലെന്നും ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഉത്പാദന വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രാരംഭഘട്ടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുള്ള 10 സ്‌കൂളിൽ  തുടങ്ങുന്ന ഹോർട്ടികൾച്ചറൽ തെറാപ്പി അടുത്ത ഘട്ടത്തിൽ വിവിധ വകുപ്പുകളുമായി സംയോജിച്ച് വിപുലമാക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ സമീപനം മാറേണ്ടതുണ്ട്. ആവർക്ക് വേണ്ട പരിഗണന നൽകി സമൂഹത്തിനൊപ്പം കൊണ്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഭാരത് ഭവന് സർവകലാശാല ഏർപ്പെടുത്തിയ അനുമോദന പത്രം മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഏറ്റുവാങ്ങി.
  സർവകലാശാല ഡീൻ ഡോ. എ. അനിൽകുമാർ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, ഡോ. തോമസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണവും നടന്നു.