വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ്സുകളോടൊപ്പം സംഘടിപ്പിച്ച തൊഴിൽമേളകളിലൂടെ 790 ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു.
5125 തൊഴിലന്വേഷകരാണ് വിവിധ ദിവസങ്ങളിലായി നടന്ന അഭിമുഖങ്ങളിൽ പങ്കെടുത്തത്. 3401 പേർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. സദസ്സുകളുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിൽ പ്രാദേശിക കമ്പനികളുടെ പങ്കാളിത്തത്തോടെ തൊഴിലന്വേഷകർക്ക് നല്ലൊരു ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 573 സ്ഥാപനങ്ങളിലെ 1123 തസ്തികകളിലായി 10,900 ഓളം ഒഴിവുകളിലേക്കാണ് അഭിമുഖങ്ങൾ നടന്നത്. സെപ്റ്റംബർ 29ന് ആരംഭിച്ച തൊഴിൽമേളകൾ ഒക്ടോബർ 31 നാണ് അവസാനിച്ചത്. ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളിലും മേള സംഘടിപ്പിച്ചു. കാമ്പയിന്റെ ഭാഗമായി കൂടുതൽ ഒഴിവുകൾ കണ്ടെത്തി കൂടുതൽ ഉദ്യോഗാർഥികൾക്ക് തൊഴിൽ എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് വിജ്ഞാന കേരളം ആലപ്പുഴ പ്രൊജക്റ്റ്‌ മാനേജ്മെന്റ് യൂണിറ്റ് എന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.