ജില്ലാ പഞ്ചായത്തിൻ്റെ സ്പോർട്സ് ആണ് ലഹരി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ജില്ലയിലെ അഞ്ച് സ്കൂളുകൾക്കാണ് കായിക ഉപകരണങ്ങൾ നൽകിയത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 47 സ്കൂളുകൾക്കും അവർ ആവശ്യപ്പെട്ട കായിക ഉപകരണങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യും. 25 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൽകുന്നത്. കായികക്ഷമതയുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. കായികാധ്യാപകർ ഇല്ലാത്ത സ്കൂളുകളിലെല്ലാം കായികാധ്യാപകരെ നിയമിക്കുവാനും കായിക ഉപകരണങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലങ്ങളിൽ സ്കൂളുകൾ ആവശ്യപ്പെടുന്ന പ്രകാരം ഇവ നൽകാനും സ്പോർട്സ് ആണ് ലഹരി പദ്ധതിയിലൂടെ സാധിച്ചു. എല്ലാ സ്കൂളുകളിലും നൂറുകണക്കിന് വിദ്യാർഥികളാണ് കായിക പരിശീലനത്തിൽ പങ്കാളികളാകുന്നത്.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ് അധ്യക്ഷനായി. ജില്ലാസ്‌കൂൾ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപിക അന്നമ്മ ടീച്ചറെ ചടങ്ങിൽ ആദരിച്ചു. ഡിഡിഇ ഇ എസ് ശ്രീലത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു.
