രോഗപ്രതിരോധത്തിനുള്ള മുന്‍ഗണനയാണ് ആരോഗ്യരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനമെന്ന് മലപ്പുറം ജില്ലാ ഡെപ്യൂട്ടി  മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍. പ്രതിരോധ ശാക്തീകരണത്തിന് ജനകീയ കൂട്ടായ്മകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ലോകപ്രതിരോധ കുത്തിവെപ്പ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ആര്‍. നഗര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവന്‍ രക്ഷിക്കാനും രോഗങ്ങള്‍ തടയാനും വാക്‌സിനുകള്‍ക്കുള്ള കഴിവ് സമൂഹത്തിലെത്തിക്കുകയാണ് ദിനാചരണ ലക്ഷ്യം. ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ കുത്തിവെപ്പെടുത്ത 500 കുട്ടികളെയും അമ്മമാരെയും സര്‍ട്ടിഫിക്കറ്റും മെഡലുകളും നല്‍കി ആദരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.വി. ഫൗസിയ അധ്യക്ഷയായി. ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി മുഖ്യ പ്രഭാഷണം നടത്തി. പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഡോ. വി.പി. ഹസനത്ത് ക്ലാസെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍, പിആര്‍ഒ സി.എച്ച്. നിയാസ് ബാബു, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.പി. ജമീല എന്നിവര്‍ സംസാരിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ബോധവല്‍ക്കരണ ലഘുനാടകവും അരങ്ങേറി. ഈ വര്‍ഷത്തെ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കുത്തിവെപ്പ് ശാക്തീകരണത്തിനായി വിവിധ സാമൂഹ്യബോധവല്‍ക്കരണ പരിപാടികളും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.