ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിൽ സംരംഭകർക്ക് ബാങ്കുകൾ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് മീറ്റ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കുടിയേറ്റ കാലം മുതൽ വിവിധ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നതാണ് ഇടുക്കി ജനതയുടെ ചരിത്രമെന്നും അതിനാൽ തന്നെ ഇവിടുത്തെ സംരംഭകർക്ക് പിന്തുണ നൽകണ്ടേത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ സംരംഭകർക്കുള്ള വായ്പാ പദ്ധതികളിൽ മികച്ച സേവനം നൽകിയ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെയും യോഗത്തിൽ എഡിഎം അനുമോദിച്ചു. ബ്രാഞ്ച് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച രാജാക്കാട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കുഞ്ചിത്തണ്ണി ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഉദ്യോഗസ്ഥരെയും അനുമോദിച്ചു.
ബാങ്കിംഗും, സംരംഭക വായ്പായും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ യൂണിയൻ ബാങ്ക് കോട്ടയം റീജയൺ സീനിയർ മാനേജർ കെ.നിതിൻ ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 100 സംരംഭകർ ബാങ്കേഴ്സ് മീറ്റിൽ പങ്കെടുത്തു.
