സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ), ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് (എ.ഇ.ആര്‍.ഒ) അംഗീകാരമായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഒപ്പിട്ട അഭിനന്ദന കുറപ്പ് പോസ്റ്റ് കാര്‍ഡില്‍ എത്തും.
എന്യൂമറേഷന്‍ ഫോമുകള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, തിരികെ ശേഖരിക്കുക, ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലെ പ്രതിബദ്ധതയെയും സമര്‍പ്പണത്തെയും ആദരിക്കുന്നതിനാണ് ജില്ലാ കളക്ടര്‍ ബി.എല്‍.ഒ ടീമിലെ ഓരോ അംഗത്തിനും വ്യക്തിഗത സന്ദേശം അയയ്ക്കുന്നത്.
ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നും നിങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നുമുള്ള ഉള്ളടക്കത്തോടെയാണ് സന്ദേശം. തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നതിനായി ഈ വേറിട്ട ഉദ്യമം ഏറ്റെടുത്തിരിക്കന്നത്.
ശക്തമായ വോട്ടര്‍ സേവനങ്ങള്‍ കെട്ടിപ്പടുക്കുന്നത് ഓരോ വീട്ടിലും എത്തിച്ചേരുകയും, സംശയങ്ങള്‍ ദുരീകരിക്കുകയും യോഗ്യരായ എല്ലാ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ജീവനക്കാരുടെ പരിശ്രമങ്ങള്‍ക്കുള്ള എളിയ അംഗീകാരമാണ് അഭിനന്ദന സന്ദേശം.
