ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തനസജ്ജമായി. നാല് ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലാണ് ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.

കളക്ട്രേറ്റിലെ ഫിനാന്‍സ് ഓഫീസറാണ്  ജില്ലാതല ചെലവ് നിരീക്ഷണ സംവിധാനത്തിൻ്റെ നോഡല്‍ ഓഫീസർ. ഡെപ്യൂട്ടി സെക്രട്ടറിമാരായ എം രാജേഷ്, അഭിലാഷ് രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ആർ. രജികുമാര്‍, എം. ശരവണ്‍ കെ.എ.എസ് എന്നിവരെ ചെലവ് നിരീക്ഷകരായി നിയുക്തരാക്കിയിരിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ യഥാ സമയം എഴുതി സൂക്ഷിക്കേണ്ടതും ചെലവ് നിരീക്ഷകര്‍ ആവശ്യപ്പെടുന്ന പക്ഷം ലഭ്യമാക്കേണ്ടതുമാണ്.

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കായി പരമാവധി 25000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കായി പരമാവധി 75000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കായി പരമാവധി 1.5 ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്നത്. സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കുന്ന വരവ് ചെലവ് കണക്കുകള്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനകം അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്  അയോഗ്യരാക്കപ്പെടുന്നതാണ്.

തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതിലും അവ യഥാ സമയം കൃത്യമായ മാതൃകയില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.