ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഓര്‍ഗനൈസേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. കളക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഒഫീസ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് എയ്ഡ്‌സ് ദിനാചരണം ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ‘പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. എയ്ഡ്‌സ് ദിനാചരണത്തിന്റെ പ്രചാരണാര്‍ഥം പ്രസ് കോണ്‍ഫറന്‍സ്, റാലി, വിവിധ പൊതു പരിപാടികള്‍, കലാപരിപാടികള്‍, പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എഹ്‌തെദ മുഫസിര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ.സി സച്ചിന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മാസ്സ് മീഡിയ ഓഫീസര്‍ വി.കെ ഷബീര്‍, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, പി.പി സുനില്‍ കുമാര്‍, കെ പ്രസീത, ഇ.പി സുധീഷ്, മായ ഗോവിന്ത്, വിവിധ വകുപ്പ് പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.