പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മണ്ണുസംരക്ഷണം പരമപ്രധാനമാണെന്ന തിരിച്ചറിവു നൽകി ലോക മണ്ണ് ദിനാചരണം. മണ്ണ് സംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.
കബനി പ്രൊജക്റ്റ് ജോയിന്റ് ഡയറക്ടർ ആന്റണി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. സോയിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ സി.ബി. ദീപ, കൽപ്പറ്റ നഗരസഭാംഗം ശോശാമ്മ ടീച്ചർ, മുണ്ടേരി വിഎച്ച്എസ്എസ് മുണ്ടേരി പ്രിൻസിപ്പാൾ എം.എ. അനിൽകുമാർ, കൽപ്പറ്റ ഹൈടെക് സോയിൽ അനലിക്കറ്റൽ ലാബ് സീനിയർ കെമിസ്റ്റ് എം. രവി എന്നിവർ സംസാരിച്ചു. മണ്ണ് ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. മുഹമ്മദ് ഷഫീഖ്, എം. രവി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കൽപ്പറ്റ എസ്‌കെഎംജെ എച്ച്എസ് സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ റാലിയും നടത്തി.