ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് ഡിസംബർ ആറ് മുതൽ ഭക്ഷണം വിളമ്പും. ഇ.എം.എസ്.സ്റ്റേഡിയത്തിൽ രാത്രി എട്ടു മുതലാണ് ഭക്ഷണം വിളമ്പുക. 10 മണിവരെ ഭക്ഷണം നൽകും. രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്ന എല്ലാവർക്കും അത്താഴം ഒരുക്കിയിട്ടുണ്ടെന്ന് കലോത്സവത്തിലെ ഭക്ഷണ ചുമതലയുള്ള കൺവീനർ പി.ഡി. ശ്രീദേവി പറഞ്ഞു. ഊണും ഒരു ഒഴിച്ചുകറിയും അവിയൽ,തോരൻ,അച്ചാർ എന്നിവയടങ്ങുന്നതാണ് ഇന്നത്തെ രാത്രി ഭക്ഷണം. നാലായിരത്തോളം പേർ ഭക്ഷണം കഴിക്കാനെത്തും എന്നാണ് പ്രതീക്ഷ. കലോത്സവ കലവറയുടെ രുചിയുടെ കുലപതി പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും ഭക്ഷണം ഒരുക്കുക. രാവിലെ ഏഴു മണിയോടെ എത്തുന്ന പഴയിടം 11 മണിയോടെ അടുപ്പിൽ തീ പകരും.