പാലക്കാട് ജില്ലാ വനിത ശിശു വികസന ഓഫീസും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ വിമണിന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാന്‍സ് ക്ലബിന്റെ ഫ്ലാഷ് മോബോടെയാണ് റാലി ആരംഭിച്ചത്.

ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയില്‍ വനിതാ ബൈക്ക് റൈഡേഴ്‌സ്, വിക്ടോറിയ, മേഴ്‌സി, ചിറ്റൂര്‍ കോളേജുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി, വിമന്‍സ് സെല്‍ അംഗങ്ങള്‍, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഡബ്ല്യു.സി.ഡി. ജീവനക്കാര്‍ എന്നിവര്‍ അണിനിരന്നു. വിവിധ നിറങ്ങളില്‍ അണിനിരന്ന റാലി നഗരത്തിലൂടെ സഞ്ചരിച്ച് സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു.

ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നടന്ന ഹാന്‍ഡ് പ്രിന്റ് ക്യാമ്പയിന്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥികളുടെ സ്‌കിറ്റ്, മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്യൂഷന്‍ ഡാന്‍സ്, വിവിധ വകുപ്പ് ജീവനക്കാരുടെ കവിതാ ആലാപനം എന്നിവയും നടന്നു.

പരിപാടിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി മിനിമോള്‍, വനിതാ സംരക്ഷണ ഓഫീസര്‍ ഇ ജെഷിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്‍ രമ, വനിത ശിശു വികസന ഓഫീസ് ജൂനിയര്‍ സുപ്രണ്ട് രതി, ജില്ലാ തലത്തിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, വനിത ശിശു വികസന വകുപ്പ് ജീവനക്കാര്‍, ഹബ് ജീവനക്കാര്‍, പ്രോഗ്രാം ഓഫീസ് ജീവനക്കാര്‍, ഡിസിപിയു ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, പാലക്കാട് വിക്ടോറിയ, മേഴ്‌സി, ചിറ്റൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഏകദേശം 350 ഓളം പേര്‍ പങ്കെടുത്തു.